ലക്ഷദ്വീപില്‍ അകപ്പെട്ട 22 ബോട്ടുകള്‍ കൂടി കൊച്ചിയിലെത്തി

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയ 22 ബോട്ടുകളും 250 മല്‍സ്യത്തൊഴിലാളികളും ഇന്നലെ കൊച്ചി ഹാര്‍ബറിലെത്തി. അതേസമയം, 30 ബോട്ടുകളെയും 350 തൊഴിലാളികളെയും കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 10 ബോട്ടുകള്‍ മുങ്ങിയതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തിലും തിരച്ചിലിനായി കപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. കപ്പലില്‍ മലയാളികളായ മല്‍സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജീസസ് ഫ്രണ്ട്, സെന്റ് ജൂഡ്, സെന്റ് ആന്റന്‍, ലൂര്‍ദ് മാതാ, മദര്‍, എന്‍എഫ് മാതാ, വെണ്ണരത്തി, മഹത്വ, ബ്‌ളെസിങ്, നിഖില്‍ മോന്‍, ശ്രീരാഗം, സാമുല്‍, ആവേ മരിയ, സെന്റ് ജൂഡ്‌സ്, ഡിവൈന്‍ ആര്‍ക്ക് 2, എംഎം മാതാ, സീ സ്റ്റാര്‍, ഹോളി ക്രൈസ്റ്റ്, ക്രൈസ്റ്റ് കിങ്, വിന്നരാസി, അമല്‍, ഫത്ത്ഹുല്‍ ബഹര്‍ 2 എന്നീ ബോട്ടുകളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകള്‍ ശക്തമായ കാറ്റിലും കോളിലും ദുരിതമനുഭവിക്കുന്നതിനിടെ ഇന്ത്യന്‍ നേവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളില്‍ അടുത്തതെന്ന് കൊച്ചിയിലെത്തിയ തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ വന്ന 22 ബോട്ടുകളില്‍ 10 എണ്ണം ഇന്ത്യന്‍ നേവിയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെത്തിച്ചത്. പരിക്കേറ്റ തൊഴിലാളികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ ആകാശ് എന്ന ബോട്ടിലെ തൊഴിലുപകരണങ്ങളും മല്‍സ്യവും നഷ്ടപ്പെട്ടതായി പറയുന്നു. പത്ത് ബോട്ടുകള്‍ മുങ്ങിയെന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ പറഞ്ഞതായി ലോങ് ലൈന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ്, സെക്രട്ടറി മജീദ്, സി ബി റഷീദ്, കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. വ്യാകുലമാതാ, സെന്റ് കാതറിന്‍, സെന്റ് ആന്റണി, മാതാ, അര്‍പ്പുത മാതാ, ബരാക്കുട, വിജോവിന്‍, ആവേ മരിയ, ജെറോമിയ, താജ്മഹല്‍ എന്നീ ബോട്ടുകളാണ് മുങ്ങിയതായി പറയുന്നത്. ഈ ബോട്ടുകളെക്കുറിച്ചോ ഇതിലെ തൊഴിലാളികളെക്കുറിച്ചോ ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it