World

റോഹിന്‍ഗ്യ: മ്യാന്‍മര്‍ സൈന്യം കുറ്റക്കാരായേക്കാം- യുഎന്‍

ജനീവ: റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശഹത്യാ നടപടികളില്‍ മ്യാന്‍മര്‍ സൈന്യം കുറ്റക്കാരായേക്കാമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി. തെക്കന്‍ സംസ്ഥാനമായ റഖൈനില്‍ നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മടങ്ങിവരാന്‍ അനുവദിക്കുമെന്ന് ബംഗ്ലാദേശും മ്യാന്‍മറും ധാരണയിലെത്തിയതിനു ശേഷവും റോഹിന്‍ഗ്യരുടെ പലായനം തുടരുകയാണെന്നും സമിതി യോഗം വിലിയിരുത്തി.  അഭയാര്‍ഥികളായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ തുടര്‍ച്ചയായി നടത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ രാജ്യാന്തരതല അന്വേഷണം ആവശ്യമാണെന്നു യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ സീദ് റാദ് അല്‍ ഹുസയ്ന്‍ ചൂണ്ടിക്കാട്ടി.രണ്ടു മാസത്തിനകം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു സുരക്ഷിതമായി സ്വമേധയാ മടങ്ങിവരാനുള്ള സാധ്യതകള്‍ ബംഗ്ലദേശുമായി ചേര്‍ന്ന് ഒരുക്കുമെന്ന് മ്യാന്‍മറിന്റെ യുഎന്‍ സ്ഥാനപതി ടിന്‍ ലിന്‍ ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ സമിതി യോഗത്തില്‍ അറിയിച്ചു.മ്യാന്‍മര്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന വംശഹത്യാ നീക്കങ്ങളെ അപലപിച്ചുകൊണ്ട്്് യുഎസ് പ്രതിനിധി സഭ പ്രമേയം പാസാക്കി. റഖൈനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. പ്രതിനിധി സഭയിലെ ജിയോ ക്രൗലേ, എലിയട്ട് എയിഞ്ചല്‍ എന്നിവരാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്്.
Next Story

RELATED STORIES

Share it