Flash News

റോഹിന്‍ഗ്യന്‍ ക്യാംപുകളില്‍ വന്ധ്യംകരണത്തിന് നീക്കം



ധക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ സ്വമേധയാലുള്ള വന്ധ്യംകരണത്തിന് ബംഗ്ലാദേശ് പദ്ധതി തയ്യാറാക്കുന്നു. ജനന നിയന്ത്രണ പദ്ധതികള്‍ പാളിയതോടെയാണ് വന്ധ്യംകരണ നീക്കവുമായി മുന്നോട്ടു പോവുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകളിലാണ് പദ്ധതി നടപ്പാക്കാന്‍  കുടുംബാസൂത്രണ വിഭാഗം ഉത്തരവിട്ടത്. അഭയാര്‍ഥി ക്യാംപുകളിലെ പുരുഷ-വനിതാ അന്തേവാസികളെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന കുടുംബാസൂത്രണ അധികൃതരുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി. അതേസമയം, ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പൊറുതിമുട്ടുന്ന റോഹിന്‍ഗ്യര്‍ക്കിടയിലേക്ക് വന്ധ്യംകരണ നടപടി അടിച്ചേല്‍പ്പിക്കുന്നത് അപലപനീയമാണെന്ന് വിവിധ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.എന്നാല്‍, ജനന നിയന്ത്രണമെന്ന പേരില്‍ അഭയാര്‍ഥി ക്യാംപുകളില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ തങ്ങളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയാവുമോ എന്ന ഭയം അഭയാര്‍ഥികള്‍ക്കുണ്ട്. അതിനാലാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ജനന നിയന്ത്രണ പരിപാടികള്‍ നടപ്പാക്കാത്തതെന്ന് അഭയാര്‍ഥികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മര്‍ സര്‍ക്കാര്‍ ജനന നിയന്ത്രണ പരിപാടികള്‍ നടപ്പാക്കിയപ്പോഴും ഭയംമൂലം റോഹിന്‍ഗ്യര്‍ സഹകരിച്ചിരുന്നില്ല.മ്യാന്മറിലെ സൈനിക അടിച്ചമര്‍ത്തലിന് ശേഷം മാത്രം ആറു ലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളാണ് ബംഗ്ലാദേശിലെത്തിയത്. അഭയാര്‍ഥികളോടുള്ള നിസ്സഹകരണം ബംഗ്ലാദേശ് തുടരുന്നതിന്റെ സൂചനയാണ് വന്ധ്യംകരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ അനുവദിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ സപ്തംബറില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മറില്‍ നിന്ന് എത്തിയ അഭയാര്‍ഥികള്‍ക്ക് സേവനം നല്‍കിയാല്‍ മൊബൈല്‍ സേവന ദാതാക്കള്‍ പിഴ ഒടുക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡം പാലിച്ചാണ് ആശയവിനിമയ മാര്‍ഗം എടുത്തുകളഞ്ഞതെന്നാണ് ബംഗ്ലാദേശ് ടെലികോം മന്ത്രാലയം അറിയിച്ചത്.
Next Story

RELATED STORIES

Share it