Flash News

റോഹിന്‍ഗ്യകളെ മടക്കി അയ്ക്കുന്നത് മനുഷ്യത്വരഹിതം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

റോഹിന്‍ഗ്യകളെ മടക്കി അയ്ക്കുന്നത് മനുഷ്യത്വരഹിതം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X


കൊല്ലം: റോഹിന്‍ഗ്യകളുടെ ജീവനും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ തൃപ്തികരമായ അവസരമുണ്ടാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും കത്തു നല്‍കി. റോഹിന്‍ഗ്യന്‍ അഭ്യാര്‍ഥികളോട് അനുഭാവപൂര്‍വമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഉന്നതമായ പാരമ്പര്യവും സംസ്‌കാരവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും ആരോഗ്യ സംരക്ഷണവും അന്തിയുറങ്ങാനുളള സംവിധാനവും റോഹിന്‍ഗ്യകള്‍ക്ക് നല്‍കുവാന്‍ ബാധ്യതപ്പെടുത്തുന്നതാണ്. റഖൈനിലെ കലാപങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. ഈ അവസരത്തില്‍ റോഹിന്‍ഗ്യകളെ സ്വന്തം നാട്ടിലേയ്ക്ക് മടക്കി അയ്ക്കുന്നത് മനുഷ്യത്വരഹിതമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച അഭ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുവാന്‍ പരിഷ്‌കൃതമായ ഇന്ത്യന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. മാനവികത എന്നത് അന്താരാഷ്ട്ര കരാറുകള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറമുള്ള ഇന്ത്യ കാലങ്ങളായി സൂക്ഷിച്ചു വന്ന പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. മനുഷ്യ സ്‌നേഹത്തിന്റെയും മാനവികതയുടെയും സീമകള്‍ ലംഘിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച അഭയാര്‍ഥികളെ സംബന്ധിച്ച് നിയമം മാത്രം കണക്കിലെടുത്തു കൊണ്ടുളള തീരുമാനങ്ങള്‍ ഇന്ത്യ കാലങ്ങളായി തുടര്‍ന്നു വന്ന നയത്തിന് വിരുദ്ധമാണ്. റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ നയതന്ത്ര തലത്തിലും ആഭ്യന്തര തലത്തിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.

[related]
Next Story

RELATED STORIES

Share it