kozhikode local

റോഡ് നിര്‍മാണ പ്രവൃത്തി ഒച്ചിഴയും വേഗത്തില്‍

വടകര: വെള്ളികുളങ്ങര-ഒഞ്ചിയം-—മാടക്കര റോഡിന്റെ നവീകരണ പ്രവര്‍ത്തി ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞു നീങ്ങുന്നു. റോഡിന്റെ ഇരുവശവും വീതികൂട്ടി ഗതാഗതയോഗ്യമാക്കാനുള്ള നടപടികളാണ് പാതിവഴിലായത്. 3 കോടി രൂപ ചിലവില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തിയാണ് ഏറെക്കുറെ നിലച്ചത്. പ്രവര്‍ത്തിയേറ്റെടുത്ത കരാറുകാരന്‍ ജോലി പൂര്‍ത്തിയാക്കാനുള്ള സമയം കഴിഞ്ഞിട്ടും, റോഡ് കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ കരാറുകാരന്ന് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും റോഡു വികസനത്തിനായി മതിലടക്കം പൊളിച്ചിട്ടും തുടര്‍ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തി മുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പിഡബ്ല്യുഡി ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്തിയിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിലവില്‍ റോഡിലൂടെയുള്ള കാല്‍നട യാത്രപോലും ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. നൂറുകണക്കിന് ആളുകളുടെ യാത്ര ദുരിതത്തിന് അറുതി വരുത്താന്‍ സത്വര നടപടി എടുക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജയരാജന്‍ അധ്യക്ഷത വഹിച്ചു. കൊയിറ്റോടി ഗംഗാധരകുറുപ്പ്, കെ നാണു, ടെന്‍ മഹറൂഫ്, പറമ്പത്ത് ബാബു, ഒഞ്ചിയം ശിവശങ്കരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it