Flash News

റോഡ് അറ്റകുറ്റപ്പണി മെയ് 31നകം പൂര്‍ത്തിയാക്കും : മന്ത്രി ജി സുധാകരന്‍



തിരുവനന്തപുരം: മഴക്കാലം കണക്കിലെടുത്ത് പൊതുമരാമത്ത് റോഡുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ മെയ് 31നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, 14 ജില്ലകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. കേരളത്തിലെ 140 മണ്ഡലങ്ങളിലും മഴക്കാലപൂര്‍വ പ്രവൃത്തികള്‍ നടത്തും. അതേസമയം, ഓടയിലെ മണ്ണു മാറ്റല്‍, റോഡരികിലെ അടിക്കാട് വെട്ടല്‍ തുടങ്ങിയവ ബന്ധപ്പെട്ട പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ മഴക്കാലത്ത് പൊതുമരാമത്തു റോഡുകളില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനോ പൈപ്പിടുന്നതിനോ അതുപോലുള്ള മറ്റു കാര്യങ്ങള്‍ക്കോ അനുമതി നല്‍കില്ല. എന്നാല്‍, കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതുമായി ബന്ധപ്പെട്ട വകുപ്പിലെയും മരാമത്തു വകുപ്പിലെയും എന്‍ജിനീയര്‍മാര്‍ സംയുക്തമായി പരിശോധിച്ചു പരിഹാരം ഉണ്ടാക്കാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചു. ഈ വര്‍ഷം മുതല്‍ അറ്റകുറ്റപ്പണികളുടെ ചുമതലയ്ക്കായി രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മഴക്കാലപൂര്‍വ പ്രവൃത്തികള്‍ നടപ്പാക്കുക. 130 മണ്ഡലങ്ങളില്‍ 10 ലക്ഷം വീതവും പൊതുവില്‍ കേടുപാടുകള്‍ ഇല്ലാത്ത 10 മണ്ഡലങ്ങളില്‍ അഞ്ചു ലക്ഷം രൂപ വീതവും അനുവദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി ഈ പ്രവൃത്തികള്‍ പരിശോധിക്കുന്നതിനും മഴക്കാലത്തിനു ശേഷം മറ്റു പ്രധാന അറ്റകുറ്റപ്പണികള്‍ സപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നടത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it