kozhikode local

റോഡ് അപകടങ്ങള്‍ ഒഴിയാതെ നഗരം; ട്രാഫിക് ഉദ്യോഗസ്ഥനും ദാരുണാന്ത്യം

കോഴിക്കോട്: ഒരു ട്രാഫിക് പോലിസ് ഉദ്യോഗസ്ഥന്റെ ജീവിതംകൂടി ഇന്നലെ നഗരപാതയില്‍ പൊലിഞ്ഞു. പത്താം ക്ലാസില്‍ ഒരുമിച്ചു പഠിച്ചവരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകവേ സ്വകാര്യബസ്് ഇദ്ദേഹത്തിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗതാഗത നിയന്ത്രണത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥനുപോലും റോഡിലെ മരണക്കെണിയില്‍ നിന്ന് രക്ഷയില്ലാത്ത കാലത്തിലൂടെയാണ് നഗരഗതാഗതം കുതിച്ചുപായുന്നത്.
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പോലിസും ഗതാഗത വകുപ്പും ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും അപകടങ്ങള്‍ക്ക് കുറവില്ല. കുറേകാലങ്ങളായി ഒന്നിലധികം വാഹനാപകടങ്ങള്‍ ഇല്ലാതെ നഗരത്തില്‍ ഒരുദിനം കടന്നുപോയിട്ടില്ല. അമിത വേഗവും അശ്രദ്ധയും റോഡ് ഗതാഗത നിയമത്തിലെ അജ്ഞതയുമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.
റോഡില്‍ പാലിക്കേണ്ട പ്രാഥമിക നിയമമര്യാദപോലും പഠിക്കാതെയാണ് പലരും വാഹനവുമായി റോഡിലിറങ്ങുന്നത്. നിലവിലെ ഡ്രൈവിംഗ് പരീക്ഷ ഏതൊരാള്‍ക്കും അനായാസം പാസാകാവുന്ന നിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷയായാലും ഡ്രൈവിങ് ടെസ്റ്റായാലും എളുപ്പം മറികടക്കാം. ഇത്തരത്തില്‍ റോഡില്‍ പുലര്‍ത്തേണ്ട നിയമ മര്യാദകള്‍ എന്തെന്ന് പോലും മനസിലാക്കാനാവാതെ എത്തുന്നവരാണ് അപകടങ്ങളിലെ പ്രധാന വില്ലന്‍മാര്‍. ഇത്തരത്തിലുള്ളവരുടെ നിരുത്തരവാദപരമായ വാഹനം ഓടിക്കലാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്നത് വെങ്ങളം- രാമനാട്ടുകര ബൈപ്പാസിലാണ്.
ഇന്നലേയും ഈ പാതയില്‍ അപകടം ഒഴിഞ്ഞില്ല. വാഹനങ്ങള്‍ തലകീഴായി മറിയുന്നതും കൂട്ടിയിടിക്കുന്നതും പതാവായ ബൈപ്പാസില്‍, എത്ര അപകടങ്ങള്‍ കണ്ടാലും അനുഭവിച്ചാലും റോഡ് ഗതാഗതത്തിലെ സാമാന്യ ശീലങ്ങള്‍ പോലും പുലരുന്നില്ല. യാത്രക്കാര്‍ മരണപ്പെട്ട വാഹനാപകടങ്ങളുടെ ബ്ലാക്ക് മാര്‍ക്കുകള്‍ റോഡില്‍ തെളിഞ്ഞുനിന്നിട്ടും അപകടങ്ങളും അപകടമരണങ്ങളും മുകളിലേക്ക് തന്നെ കുതിച്ചോടുകയാണ്. സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് സാധിക്കാത്ത അവസ്ഥയും അപകടങ്ങളുടെ ഗ്രാഫുയരാന്‍ കാരണമായിട്ടുണ്ട്. ചെറിയ സമയത്തിന്റെ ഇടവേളകളില്‍ അനുവദിക്കപ്പെട്ട പെര്‍മിറ്റുകളുമായി മല്‍സരിച്ചോാടുന്ന സ്വകാര്യ ബസുകള്‍ നഗരയാത്രകളിലെ പേടിസ്വപ്‌നമായിട്ട് കാലമേറെയായി.
അപകട വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍മാത്രം ചേതനമാവുകയും മണിക്കൂറുകള്‍ കൊണ്ട് അചേതനമാവുകയും ചെയ്യുന്നു സ്വകാര്യബസുകള്‍ക്കെതിരെയുള്ള നടപടികള്‍.
റോഡില്‍ പതുങ്ങിനിന്നും അല്ലാതെയും ഇരുചക്ര വാഹനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കാന്‍ കാണിക്കുന്ന ഉല്‍സാഹം പക്ഷേ, സ്വകാര്യ ബസുകളുടെ കാര്യത്തില്‍ ഉണ്ടാവുന്നില്ല. സകലവിധ ഗതാഗത നിയമവും കാറ്റില്‍ പറത്തിയാണ് മിക്ക സ്വകാര്യ ബസുകളും നിരത്തിലോടുന്നത്. ഇത്തരം ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ സംഘടനാബലത്തിന്റെ തിരിച്ചടി നേരിടേണ്ടിവരും എന്നതും ഉദ്യോഗസ്ഥ പരിശോധന ഇല്ലാതാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
Next Story

RELATED STORIES

Share it