Idukki local

റോഡിന്റെ മണ്‍തിട്ടയിടിഞ്ഞു ; സെന്റ്‌ജോസഫ് സ്‌കൂള്‍ കെട്ടിടത്തിന് സുരക്ഷാഭീഷണി



ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പാണ്ടിപ്പാറ സെന്റ്‌ജോസഫ് സ്‌കൂളിനോട് ചേര്‍ന്ന ഭാഗത്തെ റോഡിന്റെ മണ്‍തിട്ട ഇടിഞ്ഞത് അപകട ഭീഷണിയായി. ഇരുനൂറ്റി എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഇടുക്കി-തങ്കമണി പൊതുമാരമത്ത് റോഡിനോട് ചേര്‍ന്നാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനോട് ചേര്‍ന്ന ഭാഗത്ത് റോഡിന് വീതികൂട്ടി മണ്ണെടുത്ത് മാറ്റിയതാണ് അപകട ഭീഷണിക്കു കാരണം. ഏതാനും ഭാഗത്ത്കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത്‌സംരക്ഷണ ഭിത്തി നിര്‍മിച്ചിരുന്നു. ശേഷിക്കുന്ന ഭാഗത്ത് മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ പ്ലാസ്റ്റിക് ടാര്‍പോളീന്‍ നിരത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍  മണ്ണിടിച്ചില്‍ സംഭവിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മുഖേന സംരക്ഷണ ഭിത്തികെട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അപകടം ഒഴിവാക്കുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച റോഷി അഗസ്റ്റിന്‍ എംഎല്‍എ ആവശ്യപ്പെട്ടു.മഴക്കെടുതിയില്‍ സ്‌കൂളുകള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാതെ റവന്യൂ, വൈദ്യുതി,പൊതുമരാമത്ത്,വിദ്യാഭ്യാസ വകുപ്പുകളുടെ കൂട്ടായ സഹകരണം ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതരും പ്രത്യേക ശ്രദ്ധ ചെലുത്തമെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളുകളോട്‌ചേര്‍ന്ന നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ നീക്കംചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹായം ഉപയോഗപ്പെടുത്തണം.
Next Story

RELATED STORIES

Share it