റോഡപകടങ്ങളുടെ മൂല്യചിന്ത

അവകാശങ്ങള്‍  നിഷേധങ്ങള്‍  - ബാബുരാജ് ബി എസ്
മണിപ്പൂരിനെ കുറിച്ച് ഒരു ശരാശരി മലയാളിയുടെ അറിവേ എനിക്കുള്ളൂ. വാളും വട്ടകയുമായി നടക്കുന്ന ഒരു ജനത. മരണങ്ങള്‍, കൊലപാതകങ്ങള്‍, കസ്റ്റഡിമരണങ്ങള്‍, വെടിവയ്പ്, ലഹള, ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂ... വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി സര്‍വകലാശാലയില്‍ അതിഥി അധ്യാപികയായെത്തിയ നന്ദിതാ ഹക്‌സര്‍ തന്റെ ഒരു പ്രഭാഷണത്തില്‍ മണിപ്പൂരികളെയും കേരളീയരെയും താരതമ്യപ്പെടുത്തി പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അവരുടെ അഭിപ്രായത്തില്‍ കേരളീയര്‍ ബഹളക്കാരും മണിപ്പൂരികള്‍ ശാന്തരുമാണ്. ഡ്രൈവര്‍മാരെയാണ് അവര്‍ ഉദാഹരണമാക്കിയത്. കേരളത്തിലെ നിരത്തുകള്‍ ശബ്ദകോലാഹലം നിറഞ്ഞതാണെന്നും ശാപവാക്കുകളെക്കൊണ്ട് സഹജീവികളെ ഭയപ്പെടുത്തുന്നവരാണ് മലയാളി ഡ്രൈവര്‍മാരെന്നും അവര്‍ പരാതിപ്പെട്ടു. അതേസമയം, മണിപ്പൂരികള്‍ നിരത്തില്‍ ശാന്തരാണത്രേ. ട്രാഫിക് ജാമുണ്ടാവുമ്പോള്‍ അവര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുകയില്ല. ഗതാഗതം പുനസ്ഥാപിക്കും വരെ കാത്തിരിക്കും. രണ്ടു ജനതകളുടെ സ്വാഭാവിക പ്രതികരണത്തെ മുന്‍നിര്‍ത്തി സാമൂഹിക മൂല്യവിചാരം അവതരിപ്പിക്കുകയായിരുന്നു അവര്‍. തൃശൂര്‍ പുഴയ്ക്കല്‍ പാടത്ത് സ്്കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ വാര്‍ത്ത വായിച്ചപ്പോള്‍ നന്ദിത ഹക്‌സര്‍ പറഞ്ഞത് ഞാനോര്‍ത്തു.
18 വയസ്സുകാരിയായ കൃഷ്‌ണേന്ദുവാണ് തൃശൂര്‍-കുന്നംകുളം റൂട്ടില്‍ മരണപ്പെട്ടത്. സര്‍വീസിനു കൊടുത്ത തന്റെ സ്‌കൂട്ടര്‍ തിരികെ വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പുഴയ്ക്കല്‍ പാടത്തെത്തിയപ്പോള്‍ ഒരു ലൈന്‍ ബസ് പിന്നില്‍ നിന്ന് ഭയാനകമായി ഹോണ്‍ മുഴക്കി. മീഡിയനോടു ചേര്‍ന്നായിരുന്നു സ്‌കൂട്ടര്‍ പോയ്‌ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള വലിയ ശബ്ദത്തിലുള്ള ഹോണ്‍ പെണ്‍കുട്ടിയെ പരിഭ്രാന്തയാക്കി. നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ ബസ്സില്‍ തട്ടുകയും പെണ്‍കുട്ടി ചക്രത്തിനടിയിലേക്ക് തെന്നിവീഴുകയും ചെയ്തു.
സംസ്ഥാനത്ത് എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. തൃശൂരില്‍ ഇതു പിടികൂടുന്നതിനുള്ള നടപടി തുടങ്ങി ഒരുമാസത്തിനുള്ളിലാണ് എയര്‍ ഹോണ്‍ ഒരാളുടെ ജീവനെടുത്തത്. സാധാരണയായി എയര്‍ ഹോണുകള്‍ പിടികൂടിയാലും മോട്ടോര്‍വാഹന വകുപ്പ് 1,000 രൂപ പിഴയടപ്പിക്കുകയാണു ചെയ്യുക. അതും വല്ലപ്പോഴുമൊരിക്കല്‍. അതവര്‍ സഹിക്കും. കാരണം, ബസ്സുടമകള്‍ക്കും മറ്റും എയര്‍ ഹോണുകള്‍ അവരുടെ ലാഭത്തിന്റെ ഭാഗമാണ്. എയര്‍ ഹോണുകള്‍ ഭയാനകമായി മുഴക്കിയാണ് ബസ് ഡ്രൈവര്‍മാര്‍ തങ്ങള്‍ക്ക് കയറിപ്പോരാനുള്ള സ്ഥലമുണ്ടാക്കുന്നതെന്ന് പോലിസ് പറയുന്നു. മിക്കപ്പോഴും ചെറുവാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളും പരിശീലനമില്ലാത്ത ഡ്രൈവര്‍മാരുമാണ് ശബ്ദകോലാഹലങ്ങള്‍ക്ക് ഇരയാകുന്നത്. കൃഷ്‌ണേന്ദുവിനും സംഭവിച്ചത് അതു തന്നെ.
ഇത് ബസ്സിന്റെ കാര്യമാണെങ്കില്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമടങ്ങുന്ന ചെറുവണ്ടികളും ഇത്തരം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവരാണ്. ഇരുചക്രവാഹനങ്ങളുടെ സൈലന്‍സറുകളില്‍ മാറ്റം വരുത്തി ശബ്ദവ്യത്യാസമുണ്ടാക്കി ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കൂട്ടരുണ്ട്. ഇറക്കുമതി ചെയ്ത സൈലന്‍സറുകളാണ് അവര്‍ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. യുവാക്കളാണ് ഇതിന്റെ പ്രചാരകര്‍. ഒരു ചെറുവണ്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ ശബ്ദം സൃഷ്ടിച്ച് അവര്‍ റോഡ് യാത്രക്കാരിലും ഡ്രൈവര്‍മാരിലും പരിഭ്രാന്തി സൃഷ്ടിക്കും. ഇത്തരം വണ്ടികള്‍ അപകടം സൃഷ്ടിക്കുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ബംഗളൂരു പോലിസ് അവിടെ പരിശോധന കര്‍ശനമാക്കി നിരവധി വണ്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഇതു നടപ്പാക്കിയത്. ജൂണ്‍ മുതലായിരുന്നു സമ്പൂര്‍ണ നിരോധനം. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 900 മോഡിഫൈഡ് ബൈക്കുകളാണു പിടികൂടിയത്. പക്ഷേ, ഇതിനിടയിലും അമിത ശബ്ദവും കോലാഹലവും സൃഷ്ടിച്ച് ബൈക്കുകള്‍ ഇപ്പോഴും നമ്മുടെ റോഡില്‍ യാത്ര തുടരുകയാണ്.
ബൈക്കുകളില്‍ ദൂരയാത്ര ചെയ്യുന്ന ഒരു ട്രെന്റും ഇതോടെ രംഗത്തെത്തിയിട്ടുണ്ട്. കാടും മലയും തണുപ്പുമുള്ള ഹൈറേഞ്ച് പ്രദേശങ്ങളാണ് പൊതുവില്‍ ഇതിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ ആഹ്ലാദപ്രദമാവേണ്ട ഈ യാത്ര പക്ഷേ, പരിസ്ഥിതിക്ക് വലിയ കോട്ടമാണ് ഉണ്ടാക്കുന്നത്. 20ഉം 25ഉം പേര്‍ ഒരുമിച്ച് ശബ്ദകോലാഹലം സൃഷ്ടിക്കുന്ന ബൈക്കുകളുമായി ഏകാന്തമായ വനപ്രദേശത്തേക്ക് കയറുന്നതോടെ അവിടം കാട്ടുമൃഗങ്ങള്‍ക്ക് വാസയോഗ്യമല്ലാതാവും. ഇത്തരം ബൈക്കുകള്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം അത്രയധികമാണ്. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും തമിഴ്‌നാട് ഫോറസ്റ്റ് ഗാര്‍ഡ് ഇത്തരം സംഘങ്ങളെ ട്രാക്ക് ചെയ്ത് ബോധവല്‍ക്കരണം നടത്തിവരുന്നുമുണ്ട്. കേരളത്തിലും ഇത് ആലോചിക്കാവുന്നതാണ്.                                         ി
Next Story

RELATED STORIES

Share it