wayanad local

റേഡിയേഷന്‍ ചികില്‍സാ സംവിധാനം ജനുവരിയില്‍

മാനന്തവാടി: നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂനിറ്റില്‍ റേഡിയേഷന്‍ ചികില്‍സ ജനുവരി അവസാനത്തോടെ തുടങ്ങും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ്. നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ യൂനിറ്റില്‍ കീമോതെറാപ്പി ചികില്‍സ മാത്രമാണ് നിലവില്‍. റേഡിയേഷന്‍ യന്ത്രം സ്ഥാപിക്കുന്നതിനായി ബിആര്‍ജിഎഫ് പദ്ധതി പ്രകാരം 4.04 കോടി വകയിരുത്തിയിരുന്നു. 2009ലെ ബിആര്‍ജിഎഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള തുക ലഭ്യമായത്. 3.64 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും തികയാത്തതിനെ തുടര്‍ന്ന് 40 ലക്ഷം രൂപ കൂടി അനുവദിച്ചു. 1.05 കോടി രൂപ ഉപയോഗിച്ച് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷാഭിത്തിയും പൂര്‍ത്തിയാക്കി. 2.99 കോടി രൂപ വിനിയോഗിച്ചാണ് ടെലി കൊബാള്‍ട്ട് റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചത്. റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്തി യൂനിറ്റിന് അംഗീകാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗീകാരം നല്‍കേണ്ട അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തിയിട്ടുണ്ട്. റേഡിയേഷന്‍ ചികില്‍സ യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ ആദിവാസി വിഭാഗത്തിലുള്‍പ്പെടെയുള്ള നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസമാവുമെന്നു ജില്ലാ കാന്‍സര്‍ കെയര്‍ യൂനിറ്റ് നോഡല്‍ ഓഫിസര്‍ ഡോ. എം സന്തോഷ് കുമാര്‍ പറഞ്ഞു. റേഡിയേഷന്‍ ചികില്‍സ നല്‍കുന്നതിനു കാന്‍സര്‍ കെയര്‍ യൂനിറ്റില്‍ എക്‌സ്‌റേ സിമുലേറ്റര്‍ അത്യാവശ്യമാണ്. ഇതിനായി ഒന്നര കോടി രൂപയോളം ഇനിയും ആവശ്യമുണ്ട്. ഇത് ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ജില്ലാ കാന്‍സര്‍ കെയര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോവാന്‍ നോഡല്‍ ഓഫിസര്‍ക്കു പുറമെ റേഡിയോ ഓങ്കോളജിസ്റ്റിന്റെ സേവനം വേണം. വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഒരു ഡോക്ടറെ വച്ചാണ് ഇപ്പോള്‍ ഇതു തരണം ചെയ്യുന്നത്. നോഡല്‍ ഓഫിസറുടെയും ഒരു ഡോക്ടരുടെയും തസ്തികയാണ് ഇപ്പോഴുള്ളത്. ഡോക്ടറുടെ തസ്തികയില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റായി വനിതാ ഡോക്ടര്‍ ജോലി ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it