palakkad local

റെയില്‍വേ ലൈനില്‍ മരംവീഴുന്നത് പതിവാകുന്നു

പട്ടാമ്പി: ഒന്നര മാസത്തിനിടെ കാറ്റിലും മഴയിലും മറ്റും റെയില്‍പാളത്തിലേക്ക് വീണത് 13ലധികം വന്‍ മരങ്ങള്‍. പാലക്കാട് ജില്ലയിലെ വിവിധ പാതകളിലാണ് മരങ്ങള്‍ പതിവായി വീഴുന്നത്. ഇതില്‍ പല പാതകളും  വൈദ്യുതിലൈനുകള്‍ കൂടിയായത് കാരണം വന്‍ അപകട സാധ്യതയാണ് ഇതുകൊണ്ടുണ്ടാവുന്നത്.
2017 മേയ് മാസത്തില്‍ പാലക്കാട്-പൊള്ളാച്ചി പാതയില്‍ ഓടുന്ന തീവണ്ടിക്കു മേല്‍ മരംവീണ് എന്‍ജിനും ഏഴ് കോച്ചുകളും പാളംതെറ്റി അപകടമുണ്ടായിരുന്നു. പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഈവര്‍ഷം ഏപ്രില്‍മുതല്‍ ഇതുവരെ 13 സ്ഥലത്താണ് മരം വീണത്. തീവണ്ടി ഗതാഗതം പലയിടത്തും മുടങ്ങുകയും ചെയ്തു. പോത്തനൂര്‍-പാലക്കാട് റൂട്ടില്‍ രണ്ട്, പാലക്കാട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ഒന്ന്, ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഒന്ന്, കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ മൂന്ന്, പാടില്‍ജെക്കോട്ടൈ റൂട്ടില്‍ ഒന്ന് എന്നിങ്ങനെയാണ് മരങ്ങള്‍ വീണത്. ഈ റൂട്ടുകളില്‍ എവിടെയുണ്ടാവുന്ന അപകടവും കേരളത്തിലുടനീളമുള്ള തീവണ്ടി ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാലയളവില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടിലാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ വീണത്-അഞ്ച്. 2015-16 വര്‍ഷത്തില്‍ 31 തവണ മരം വീണതിനെത്തുടര്‍ന്ന് നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു. പാളത്തിനരികിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുനീക്കിയതിനെത്തുടര്‍ന്ന് 2016-17, 2017-18 വര്‍ഷത്തില്‍ ഇരുപതില്‍ താഴെ സംഭവങ്ങള്‍ മാത്രമാണുണ്ടായത്.
എന്നാല്‍, ഇക്കുറി കാലവര്‍ഷം എത്തുന്നതിന് മുമ്പുതന്നെ 13 മരങ്ങള്‍ വീണതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. മാത്രമല്ല, ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരിച്ചതോടെ അപകടസാധ്യതയും കൂടി.
വൈദ്യുതീകരിച്ച പാളങ്ങളില്‍ മരം വീണാല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍സമയം വേണം. ഡിവിഷനുകീഴില്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്‍കി മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്ഥലത്തുള്ളവയും മുറിച്ചു തുടങ്ങിയിട്ടുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ റെയില്‍വേ നിയമപ്രകാരം നടപടിയെടുക്കാനും വ്യവസ്ഥയുണ്ട്.
Next Story

RELATED STORIES

Share it