kozhikode local

റൂറല്‍ എസ്പി പണം അനുവദിച്ചു; നാദാപുരത്ത് സിസി കാമറ മിഴി തുറക്കുന്നു

നാദാപുരം: ജില്ലാ പോലിസ് മേധാവിയുടെ ഇടപെടില്‍ നാദാപുരത്തെ തകരാറിലായ സിസിടിവി ക്യാമറകള്‍ മിഴി തുറക്കുന്നു. നാദാപുരം ടൗണിലെ സിസിടിവി ക്യാമറകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി അറ്റകുറ്റ പണികള്‍ നടത്താന്‍ ഫണ്ടില്ലാത്തത് പോലിസിനെ കുഴക്കിയിരുന്നു. നാദാപുരത്തെ പോലിസ് അധികൃതര്‍ ഫണ്ടിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയെങ്കിലും ഫലം കണ്ടെത്താതായതോടെയാണ് റൂറല്‍ എസ്പി ജി ജയദേവ് അറ്റകുറ്റ പണികള്‍ക്കായി ഫണ്ട് അനുവദിച്ചത്.
ഇ കെ വിജയന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നാദാപുരം ടൗണിലെ അഞ്ചിടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള ക്യാമറകളാണ് സ്ഥാപിച്ചെതെങ്കിലും അധികം താമസിയാതെ ക്യാമറകള്‍ മിഴിയടക്കുകയായിരുന്നു.
ക്യാമറകളില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്കുള്ള കേബിളുകളാണ് തകരാറിലായിരുന്നത്. ക്യാമറകള്‍ സ്ഥാപിച്ചതോടെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളും മോഷണങ്ങളും കുറഞ്ഞ് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വാട്‌സ് ആപ്പ് ഹര്‍ത്താലിനോടനുബന്ധിച്ച് നാദാപുരം ടൗണില്‍ നടന്ന അക്രമത്തിലെ അക്രമികളെ പിടികൂടാന്‍ ക്യാമറയുടെ സഹായവും തകരാറിലായതോടെ കിട്ടിയിരുന്നില്ല.
ഇത് വാര്‍ത്തയായതോടെയാണ് റൂറല്‍ എസ് പി ഇടപെട്ടത്. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യാമറയുടെ അറ്റകുറ്റ പണികള്‍ ഏറ്റെടുത്ത് നടത്തുന്നത്. രണ്ട് ദിവസത്തിനകം ക്യാമറകള്‍ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാവുമെന്ന് സ്വകാര്യ കമ്പനി അധികൃതര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it