റീസര്‍വേ: സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നീക്കം

അബ്ദുര്‍ റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുന്ന റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നീക്കം. സംസ്ഥാനത്തെ 1664 വില്ലേജുകളിലായി അന്യാധീനപ്പെട്ടു കിടക്കുന്ന റവന്യൂ ഭൂമി തിരികെപിടിക്കാനും ഭൂമിയുടെ അതിര് തിരിച്ച് ഉടമസ്ഥര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയുമാണ് ഒരു വര്‍ഷം മുമ്പ് കാസര്‍കോട് ജില്ലയില്‍ ആദ്യമായി റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിന് റവന്യൂ വകുപ്പിന്റെ 500ഓളം ജീവനക്കാരെയാണു നിയോഗിച്ചിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയായിരുന്നു റവന്യൂ മന്ത്രിയുടെ സ്വന്തം നാട്ടില്‍ റീസര്‍വേ പ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്നത്. എന്നാല്‍ റീസര്‍വേ നടക്കുന്നതിനിടയില്‍ ചില ഉന്നതരുടെ സ്ഥലം തിരിച്ചെടുത്തതോടെ ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തി റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയായിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചില ഭാഗങ്ങളിലെ റീസര്‍വേ പ്രവര്‍ത്തനത്തിനിടയിലാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. റീസര്‍വേയുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ഡയറക്ടര്‍ പി മധുലിമായയെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. മറ്റുള്ള ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്കും മാറ്റുകയായിരുന്നു.
തിമിരി, ബല്ല, പുതുക്കൈ തുടങ്ങിയ വില്ലേജുകളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വേ നടക്കുന്നുണ്ട്. സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് റീസര്‍വേ സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ നീക്കംനടക്കുന്നത്. റീസര്‍വേയുടെ മറവില്‍ കോടിക്കണക്കിന് രൂപ സ്വകാര്യ ഏജന്‍സികള്‍ക്ക് അനുവദിക്കാനുള്ള നീക്കത്തിനെതിരേ ഇടതു അനുകൂല സംഘടനകളില്‍ തന്നെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ഘട്ടത്തില്‍ വിവിധ ജോലികള്‍ നല്‍കുന്നതിനാല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാനാവുന്നില്ലെന്നാണു റവന്യൂ വകുപ്പ് നല്‍കുന്ന വിശദീകരണം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കേണ്ടുന്ന ദൗത്യം റവന്യൂ ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാണെന്നും ഇത് മൂലമാണു സ്വകാര്യ ഏജന്‍സികളെ റീസര്‍വേ പ്രവര്‍ത്തനത്തിന് നിയോഗിക്കാന്‍ ആലോചിക്കുന്നതെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it