kasaragod local

റിയാസ് മൗലവി വധം : സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തി



കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകന്‍ റിയാസ് മൗലവി(28)യെ പള്ളിയിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം അശോകന്‍ ഇന്നലെ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്പിയുമായ ഡോ. എ ശ്രീനിവാസുമായി ചര്‍ച്ച നടത്തിയത്. അതിനിടെ കേസില്‍ പ്രതികളായവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള 153 (എ) വകുപ്പ് പ്രകാരമുള്ള കേസ് വിചാരണയ്ക്ക് സര്‍ക്കാറിന്റെ പ്രത്യേക അനുമതി വേണം. ഇതിന്റെ അനുമതിക്കായി പഴയ ചൂരി ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ പള്ളിയിലെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിഥിന്‍ (19), കേളുഗുഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ 89 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയും നേടണം. റിയാസ് മൗലവി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 86 ദിവസം പൂര്‍ത്തിയാവുകയാണ്. 89ാമത്തെ ദിവസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.
Next Story

RELATED STORIES

Share it