Idukki local

റാണികോവില്‍-എകെജി റോഡ് സഞ്ചാരയോഗ്യമാക്കി

പീരുമേട്: നാളുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ റാണികോവില്‍-എകെജി റോഡ് യാഥാര്‍ത്ഥ്യമാവുന്നു. റോഡ് പൂര്‍ത്തിയാവുന്നതോടെ റാണികോവില്‍, കുരിശുമെട്ട് പുതുവല്‍ നിവാസികള്‍ക്കാണ് ഇത് ഏറെ പ്രയോജനമാവുക. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡിലൂടെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിയായിരുന്നു യാത്ര ചെയ്തിരുന്നത്.
വീതി കുറഞ്ഞ റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ കൂട്ടായ ആവശ്യത്തെ തുടര്‍ന്ന് സ്വകാര്യ തേയില തോട്ടം ഉടമ റോഡിനായി സ്ഥലം വിട്ടു നല്‍കുകയായിരുന്നു. നാട്ടുകാരുടെ ശ്രമകരമായ പ്രവര്‍ത്തനം മൂലമാണ് 12 അടി വീതിയില്‍ റോഡ് നിര്‍മിച്ചത്. തുടര്‍ന്ന് പീരുമേട് പഞ്ചായത്തില്‍ നിന്ന് പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് 6 ലക്ഷം രൂപാ റോഡിനായി അനുവദിച്ചത്.
ആദ്യ ഘട്ടമായി 108 മീറ്റര്‍ നീളത്തില്‍ 10 അടി വീതിയിലാണ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി മറ്റു റോഡുകളെ ഗതാഗതത്തിനായി ആശ്രയിച്ചിരുന്ന പ്രദേശവാസികള്‍ക്ക് ഈ റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ കൊട്ടാരക്കര-ദണ്ഡുക്കല്‍ ദേശീയപാതയിലെ കരടിക്കുഴിയിലെത്താന്‍ വളരെ വേഗം സാധിക്കും.
നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ റോഡാണ് റാണികേവില്‍-എ കെ ജി പുതുവല്‍ റോഡ്. റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പീരുസാഹിബ് നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ബേബി, സി പി എം പാമ്പനാര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഷിജുമോന്‍, എ ഡി എസ് ചെയര്‍പേഴ്‌സണ്‍ ഓമനാ ശശി, തുടങ്ങിയ നിരവധി പ്രദേശവാസികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it