malappuram local

റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ജോലിയില്ലാതെ ഭിന്നശേഷിക്കാര്‍



റജീഷ് കെ സദാനന്ദന്‍

മലപ്പുറം: ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ മൂന്ന് ശതമാനം സംവരണവും ഊഴത്തില്‍ മുന്‍ഗണനാക്രമവും പുനര്‍നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടും ഈ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ തൊഴിലിനായുള്ള കാത്തിരിപ്പു നീളുന്നു. കഴിഞ്ഞ മാസം ആറിനാണ് സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് സാമൂഹികനീതി വകുപ്പ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് മൂന്ന് ശതമാനം സംവരണത്തോടൊപ്പം ആദ്യ നൂറു നിയമനങ്ങളിലുള്ള ഊഴക്രമം ഒന്ന്, 34, 67 എന്നാക്കിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതില്‍ പിഎസ്‌സി അനാസ്ഥ തുടരുന്നു എന്ന ആരോപണം ശക്തമാണ്. മൂന്ന് പിഎസ്‌സി റാങ്ക് പട്ടികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്കുകാരനായിട്ടും നിയമനത്തിനായി അധികാരികളുടെ കാരുണ്യം കാത്തു കഴിയുന്ന മലപ്പുറം തൃപ്പനച്ചി സ്വദേശി കുറുങ്കാടന്‍ മുബാറക്ക് ഇതിന്റെ ഇരയാണ്. 2011ല്‍ പിഎസ്‌സി അപേക്ഷ ക്ഷണിച്ച ഉര്‍ദു യുപി സ്‌കൂള്‍ അസിസ്റ്റന്റ്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, 2012ലെ ഉര്‍ദു ലക്ചറര്‍ പരീക്ഷകളുടെ റാങ്കു പട്ടികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്കുകാരനാണ് മുബാറക്ക്. ഇതില്‍ യുപിഎസ്എ വിഭാഗത്തില്‍ 18 ഒഴിവുകളും എച്ച്എസ്എ വിഭാഗത്തില്‍ പത്തും കോളജ് ലക്ചറര്‍ വിഭാഗത്തില്‍ ഏഴ് ഒഴിവുകളും റിപോര്‍ട്ടു ചെയ്തിട്ടും മുബാറക്കിന് നിയമനം ലഭിച്ചില്ല. അര്‍ഹമായ ജോലിക്കായി ജനപ്രതിനിധികള്‍ക്കും പിഎസ്‌സി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പരാതികള്‍ നല്‍കി നീതിക്കായി കാത്തിരിക്കുകയാണിയാള്‍. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം നയിക്കാന്‍ പോളിയോ ബാധിച്ച് അംഗപരിമിതനായ മുബാറക്ക് വിവിധ കലാശാലകളില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയാണ്. ഭിന്നശേഷിക്കാരെ ജോലിക്ക് നിയമിക്കുമ്പോള്‍ 33, 66, 99 എന്ന ഊഴക്രമം പിഎസ്‌സി അനുവര്‍ത്തിക്കുന്നതാണ് ഭിന്നശേഷിക്കാര്‍ക്ക് ജോലി ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. ഇവരുടെ നിയമനത്തിന് ഒന്ന്, 34, 67 എന്ന ഊഴക്രമം അനുവര്‍ത്തിക്കണമെന്ന് 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ നിര്‍ദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിലവില്‍ 33ാം അവസരം ഭിന്നശേഷിക്കാരില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കാണ് സംസ്ഥാനത്ത് നല്‍കുന്നത്. പിന്നീട് വരുന്ന 66ാം ഊഴം കേള്‍വി വൈകല്യമുള്ളവര്‍ക്കും 99ാം ഊഴം മറ്റ് ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കുമാണ് പരിഗണിക്കുന്നത്. ഇതില്‍ ആദ്യ വിഭാഗക്കാരില്ലെങ്കില്‍ മറ്റു വിഭാഗങ്ങളില്‍ വരുന്ന ഭിന്നശേഷിക്കാരെ പരിഗണിക്കുന്നുമില്ല. ഇക്കാരണത്താല്‍ റാങ്കുപട്ടികയിലിടം നേടിയിട്ടും നിയമനം ലഭിക്കാതെ പോവുകയാണ് മിക്കവര്‍ക്കും. കേന്ദ്ര നിര്‍ദേശപ്രകാരം ഭിന്നശേഷിക്കാരുടെ നിയമനം നടത്തണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ഥികള്‍ സുപ്രിം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് നിയമനത്തിന് മൂന്ന് ശതമാനം സംവരണവും ഒന്ന്, 34, 67 എന്ന് ഊഴക്രമവും നിശ്ചയിച്ച് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയത്. 1996 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പിഎസ്‌സി ഇതില്‍ പതിവ് അനാസ്ഥ തുടരുമെന്ന ആശങ്കയാണ് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക്.
Next Story

RELATED STORIES

Share it