റാങ്കിങില്‍ അശ്വിന് ഇരട്ടനേട്ടം

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രകാരം ഇന്ത്യന്‍ താരം ആ ര്‍ അശ്വിന്‍ ബൗളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒന്നാമതെത്തി. ഈ വര്‍ഷം മാത്രം ഒമ്പതു ടെസ്റ്റുകളില്‍ നിന്നായി 62 വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ ലോക ഒന്നാം നമ്പര്‍ ബൗളറായത്.
1973ല്‍ ബിഷന്‍സിങ് ബേദി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ് അശ്വിന്‍. ഈ വ ര്‍ഷം തുടക്കത്തില്‍ ബോളര്‍മാരില്‍ 15ാം സ്ഥാനത്തായിരുന്നു 29കാരനായ അശ്വിന്‍.
പുരസ്‌കാര നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നന്ദിയറിയിക്കുന്നതായും അശ്വിന്‍ പ്രതികരിച്ചു.
മറ്റൊരു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ റാങ്കിങില്‍ ആറാമതായി സ്ഥാനം പിടിച്ചു. ഡെയ്ല്‍ സ്‌റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, യാസിര്‍ ഷാ, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.
ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരം, ടെസ്റ്റ് താരം എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടകയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. 11ാം സ്ഥാനത്തുള്ള അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്.
Next Story

RELATED STORIES

Share it