Flash News

റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി തിരികെ നല്‍കിയത് വിവാദത്തില്‍

റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി തിരികെ നല്‍കിയത് വിവാദത്തില്‍
X
തിരുവനന്തപുരം: സ്വകാര്യവ്യക്തിയില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി ചട്ടംലംഘിച്ച് കുടുംബസുഹൃത്തിന്റെ ബന്ധുവിന് തിരിച്ചുനല്‍കിയ തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി വിവാദമായി. സംഭവം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകിക്ക് നിര്‍ദേശം നല്‍കി. അയിരൂര്‍ പോലിസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാനായി നിര്‍ദേശിച്ച ഭൂമിയാണ് സബ് കലക്ടര്‍ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ബന്ധുവിന് തിരികെനല്‍കാന്‍ ഉത്തരവിട്ടത്. റവന്യൂ വകുപ്പ് ഇയാളില്‍ നിന്ന് ഏറ്റെടുത്ത ഒരു കോടി രൂപയോളം രൂപ മതിപ്പുവിലയുള്ള പുറമ്പോക്കു ഭൂമിയാണിത്. ഒഴിപ്പിച്ചെടുത്ത ഭൂമിയില്‍ അയിരൂര്‍ പോലിസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ഒഴിപ്പിക്കല്‍ നടപടിക്കെതിരേ ഭൂമി കൈവശം വച്ചിരുന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദേശത്തിന്റെ മറവിലാണ് സബ് കലക്ടറുടെ ഇടപെടല്‍. സംഭവത്തില്‍ സബ് കലക്ടര്‍ സ്വജനപക്ഷപാതം നടത്തിയെന്ന് ആരോപണമുണ്ട്.



വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവില്‍ വര്‍ക്കല പാരിപ്പള്ളി സംസ്ഥാനപാതയോടു ചേര്‍ന്ന പുറമ്പോക്കുഭൂമിയാണ് സ്വകാര്യവ്യക്തിയില്‍ നിന്ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്തത്. നിലവിലെ സാഹചര്യത്തില്‍ ഭൂമി തിരിച്ചെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തും. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരന് മൂന്നുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും അരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും ഈടാക്കാന്‍ നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഭര്‍തൃപിതാവിന്റെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്ന അഡ്വ. അനില്‍ കുമാറിന്റെ പിതൃസഹോദരന്റെ മകന്‍ കൃഷ്ണകുമാറിനാണ് സബ് കലക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്നു ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് പ്രകാരം റീസര്‍വേ 227ല്‍പ്പെട്ട 11 ആര്‍ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19നാണ് ഒഴിപ്പിച്ചെടുത്തത്. തുടര്‍ന്നു പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി ഏറ്റെടുത്തതു മൂലം തന്റെ പിറകിലുള്ള വസ്തുവിലേക്കു വഴി നഷ്ടമായി, വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ഭൂമിക്കു പകരം അനുവദിക്കണം, തന്റെ ഭാഗം കേള്‍ക്കാതെയാണു റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു ഇയാള്‍ കോടതിയില്‍ വിശദീകരിച്ചത്. ഇതു പരിഗണിച്ച ഹൈക്കോടതി പരാതിക്കാരന്റെ ഭാഗം കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ കൈയേറിയ കക്ഷിയെ നോട്ടീസ് നല്‍കി വിളിപ്പിച്ച് അവരുടെ ഭാഗം മാത്രം കേട്ട് ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി ഇയാള്‍ക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിനു നേതൃത്വം നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍ പോലും സബ് കലക്ടര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ഫെബ്രുവരി 24നു പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല. ഇത്തരം ദുരൂഹത നിലനില്‍ക്കെയാണു റവന്യൂ വകുപ്പ് അന്വേഷണത്തിനു നിര്‍ദേശിച്ചത്. സബ് കലക്ടറുടെ നടപടിക്കെതിരേ സ്ഥലം എംഎല്‍എ വി ജോയി, ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it