Idukki local

റവന്യൂ ഭൂമിയിലൂടെ റിസോര്‍ട്ടിനുവേണ്ടി റോഡ് വെട്ടിയത് വിവാദമാവുന്നു

വണ്ടിപ്പെരിയാര്‍: റവന്യൂ അധികൃതരുടെ ഒത്താശയോടെ റവന്യൂ ഭൂമിയിലൂടെ സ്വകാര്യ റിസോര്‍ട്ട് ഉടമ റോഡ് വെട്ടിയെന്ന് ആക്ഷേപം.വണ്ടിപ്പെരിയാര്‍ സത്രത്തിലെ സ്വകാര്യ റിസോര്‍ട്ട് ഉടമയാണ് കാടു വെട്ടി തെളിക്കുന്നതിന്റെ മറവില്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡ് വെട്ടിയത്. സര്‍വേ നമ്പര്‍ 182ല്‍ പ്പെട്ട സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് റോഡ് നിര്‍മാണം.
മഞ്ചുമല വില്ലേജ് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തിലായിരുന്നു റോഡ് നിര്‍മാണമെന്നാണ് ആക്ഷേപം. റോഡ് നിര്‍മാണം പൂര്‍ത്തിയാവുന്നത് വരെസത്രത്തിലെ ഒരു റിസോര്‍ട്ടില്‍ ഇയാള്‍ താമസിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ അവധി ദിവസങ്ങളിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരാതികളൊഴിവാക്കുന്നത് മുന്നില്‍ക്കണ്ട് രണ്ട് ദിവസങ്ങളിലായി രാത്രി സമയം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുകയായിരുന്നു.
റോഡ് നിര്‍മാണത്തിനെതിരേ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പരാതിയുമായി രംഗത്തെത്തിയതോടെ ഇതിനെ കുറിച്ച് അന്വേഷണം നടത്താന്‍ പീരുമേട് തഹസില്‍ദാര്‍മഞ്ചുമല വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.ഇതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കി.
റോഡ് നിര്‍മാണമല്ല കാട് വെട്ടിത്തെളിക്കുക മാത്രമാണ് നടത്തിയിരിക്കുന്നത് എന്നാണ് നല്‍കിയ റിപോര്‍ട്ടിലെ വിവരം.
ഗവിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നതിനു ശേഷം വള്ളക്കടവിലെ സ്വകാര്യ തേയില തോട്ടങ്ങള്‍ വഴി സത്രത്തിലെ മൊട്ടക്കുന്നുകള്‍ കാണാനാണ് കൂടുതലായും വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നത്.ഇത് മുന്നില്‍ക്കണ്ടു സത്രം കേന്ദ്രീകരിച്ച് വന്‍കിട റിസോര്‍ട്ടുകളും വ്യാപകമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്.സത്രത്തില്‍ റവന്യൂ ഭൂമിയില്‍ ഉള്‍പ്പെട്ട 182,183, തുടങ്ങിയ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ കൈയ്യേറ്റക്കാരുടെ പിടിയിലാണ്.
വന്‍ റാക്കറ്റുകള്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നുണ്ട്.റവന്യൂ -വനം വകുപ്പുകള്‍ തമ്മില്‍ സത്രത്തിലുള്ള തര്‍ക്ക ഭൂമി കേന്ദ്രീകരിച്ചാണ് വ്യാപകമായി കൈയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
Next Story

RELATED STORIES

Share it