kozhikode local

റവന്യൂ ജില്ലാ ശാസ്‌ത്രോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങും



കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങും. പ്രവൃത്തി പരിചയ മേളയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എല്‍പി വിഭാഗത്തില്‍ ചോമ്പാല ഉപജില്ലയും, യുപി വിഭാഗത്തില്‍ തോടന്നൂര്‍ ഉപജില്ലയും ചാംപ്യന്‍മാരായി. ഐടി മേളയോടനുബന്ധിച്ചുള്ള 12 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യു പി വിഭാഗത്തില്‍ മുക്കം ഉപജില്ല ഓവറോള്‍ ചാംപ്യന്‍മാരായി. ചേവായൂര്‍ ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂള്‍ വിഭാഗത്തില്‍ പുല്ലൂരംപാറ സെന്റ് ജോസഫ് യുപി സ്‌കൂള്‍ 23 പോയന്റ് നേടി ഒന്നാം സ്ഥാനത്തുണ്ട്്്. 19 പോയന്റുമായി ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. അവസാന ദിനമായ ഇന്ന് ഐ ടി മേളയോടനുബന്ധിച്ചുള്ള എച്ച്എസ്, എച്ച്എസ്എസ് വെബ്‌പേജ് ഡിസൈനിങ് മല്‍സരം നടക്കും. ശാസ്ത്രമേളയുടെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍ എന്നിവയും യുപി, എച്ച്എസ്, എച്ച്എസ്എസ് ക്വിസ് മത്സരവും മീഞ്ചന്ത ജിവിഎച്ച്എസ്എസില്‍ നടക്കും.  പ്രവൃത്തി പരിചയ മേളയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മല്‍സരങ്ങള്‍ ആര്‍കെ മിഷന്‍ സ്‌കൂളിലും, ഗണിതമേളയോടനുബന്ധിച്ചുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം മല്‍സരം ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസിലും, സാമൂഹിക ശാസ്ത്രമേള മീഞ്ചന്ത എന്‍എസ്എസ് സ്‌കൂളിലും നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയം എന്നിവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും ഐടി അറ്റ് സ്‌കൂളിന്റെ  സര്‍വര്‍ പണിമുടക്കിയതിനാല്‍ മല്‍സരഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് മീഡിയാ കണ്‍വീനര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് മീഞ്ചന്ത ജിവിഎച്ച്എസ്എസില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ സമ്മാനദാനം നടത്തും. ഡോ. എംകെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it