ernakulam local

റവന്യൂവകുപ്പും പഞ്ചായത്തും അനാസ്ഥ കാണിക്കുന്നതായി പരാതി

വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് വീടുകള്‍ തകര്‍ന്ന് നായരമ്പലം ഭഗവതി വിലാസം ക്യാംപില്‍ കഴിയുന്ന ആറു കുടുംബങ്ങളുടെ കാര്യത്തി ല്‍ റവന്യൂ വകുപ്പും പഞ്ചായത്തും തികഞ്ഞ അനാസ്ഥ കാണിക്കുന്നതായി ദുരിതബാധിതര്‍ പരാതിപ്പെട്ടു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്ത മറ്റു ദുരിതബാധിതര്‍ തിരികെ വീടുകളിലേക്ക് പോയെങ്കിലും വീടുകള്‍ തകര്‍ന്ന മാവുങ്കശ്ശേരി അംബ്രോസ്, കളത്തില്‍ അനി, സുനി, തുണ്ടിപ്പറമ്പില്‍ സരോജം, തേവര്‍കാട് ബെറ്റി അഗസ്റ്റിന്‍, ചിരട്ടപ്പുരക്കല്‍ വിജയലക്ഷ്മി എന്നിവരുടെ കുടുംബങ്ങളിലെ 24 പേര്‍ ഇനിയും ക്യാംപുകളില്‍ ശേഷിക്കുന്നുണ്ട്. ഇവരെ വീട് വച്ച് പുനരധിവസിപ്പിക്കുന്നത് വരെ വാടക വീടെടുത്ത് താമസിപ്പിക്കാനായിരുന്നു ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനം. ഇത് പ്രകാരമാണ് കഴിഞ്ഞ ആഴ്ച മറ്റുള്ളവര്‍ ക്യാംപ്് വിട്ടപ്പോള്‍ ഇവര്‍ പോവാതിരുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും റവന്യൂ അധികൃതരും പഞ്ചായത്തും ഇവരെ വാടകയ്ക്ക് താമസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.  ദുരിതബാധിതരുടെ സാന്നിധ്യം സ്‌കൂള്‍ നടത്തിപ്പിനും തടസ്സമാണെന്ന് സ്‌കൂള്‍ അധികൃതര്‍ സൂചിപ്പിച്ചു. ഇതിനിടെ ഇവര്‍ക്ക് ഇനിമുതല്‍ ഭക്ഷണം തരില്ലെന്ന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it