Flash News

റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ വധം : 11ാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍



ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രഥുമാന്‍ ഠാക്കൂര്‍ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട കേസില്‍ ഇതേ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയെ സിബിഐ അറസ്റ്റ് ചെയ്തു. സ്‌കൂളിലെ പരീക്ഷയും അധ്യാപക രക്ഷകര്‍തൃ യോഗവും മാറ്റിവയ്ക്കുന്നതിനു വേണ്ടിയാണു കൃത്യം ചെയ്തതെന്നാണു സിബിഐ ആരോപിക്കുന്നത്. ചൊവ്വാഴ്ചയാണു റയാന്‍ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയെ സിബിഐ അറസ്റ്റ് ചെയ്തത്. സപ്തംബര്‍ എട്ടിനാണു രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രഥുമാനെ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ടു സ്‌കൂള്‍ ബസ്സിലെ കണ്ടക്ടറെ നേരത്തെ ഗുഡ്ഗാവ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ സിബിഐ ഒഴിവാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മൃതശരീരം കണ്ടെത്തിയ ശുചിമുറിയുടെ സമീപം സുരക്ഷാ കാമറയില്‍ പതിഞ്ഞ അഞ്ചു പേരില്‍ ഒരാളാണ് അറസ്റ്റിലായ വിദ്യാര്‍ഥി. വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യംചെയ്യാനായി മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണു കൊലപാതകം നടത്തിയതെന്നു സിബിഐ പറഞ്ഞു. സംഭവത്തിന് ഏതാനും ദിവസം മുമ്പു പിടിയിലായ വിദ്യാര്‍ഥി കത്തിയുമായി നില്‍ക്കുന്നതു കണ്ടതായി നാലു വിദ്യാര്‍ഥികളും ഒരധ്യാപകനും സിബിഐയെ അറിയിച്ചിരുന്നു. ഇതു വിദ്യാര്‍ഥി കൊല്ലപ്പെട്ട ശുചിമുറിയില്‍ നിന്നു ലഭിച്ച അതേ ആയുധമാണെന്നാണു സിബിഐ വിശ്വസിക്കുന്നത്. എന്നാല്‍, ഒരധ്യാപകനും നാലു വിദ്യാര്‍ഥികളും കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ കൈവശം ആയുധം കണ്ടിട്ടും വിദ്യാര്‍ഥിക്കെതിരേ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാതിരുന്നത് എന്തു കൊണ്ടാണെന്ന കാര്യം വ്യക്തമല്ല. അതേസമയം, തന്റെ മകന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും അവനെ സിബിഐ മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിദ്യാര്‍ഥിയെ മുതിര്‍ന്നവരെ പോലെ പരിഗണിച്ച കഠിനമായ ശിക്ഷ നല്‍കണമെന്നു കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it