palakkad local

റമദാനെ വരവേല്‍ക്കാന്‍ പള്ളികളും ഭവനങ്ങളും ഒരുങ്ങി

പാലക്കാട്: ആത്മസംസ്‌കാരണത്തിന്റെയും സഹനാനൂഭൂതികളുടെയും നാളുകളും ലൈലത്തുല്‍ഖദ്‌റിന്റെ ശ്രേഷ്ഠതയും വ്രതാനുഷ്ഠാനത്തിന്റെ മാഹാത്മ്യവുമായി ലോകമുസ്‌ലിംകളില്‍ ഒരു റംസാന്‍കൂടി സമാഗതമായി. ഇസ്‌ലാം മതത്തിലെങ്ങും പ്രബോധനം ചെയ്ത സകല മൂല്യങ്ങളുടെയും സംക്ഷേപവും സന്തുലിതഫലവുമാണ് വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.
അന്നപാനീയങ്ങള്‍ വെടിഞ്ഞും വികാരവിചാരങ്ങള്‍ മറന്ന് അവയവ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും ദാനധര്‍മങ്ങളും ഖുര്‍-ആന്‍ പരായണവും പുണ്യറമദാന്‍ മാസത്തെ മഹത്തരമാക്കുന്നു. പതിനൊന്നുമാസക്കാലത്തെ വ്യത്യസ്ത ജീവിതങ്ങളില്‍ നിന്നു വേറിട്ട് റമദാനുമുമ്പേ വീടുകളും പള്ളികളും 'നനച്ചുകുളി' എന്ന ആചാരകര്‍മ്മത്തിലൂടെ റമദാനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. വ്രതത്തില്‍ മുഴുകുന്ന മുപ്പതുനാളുകള്‍ തിമ്മകളെ ത്യജിച്ച് നന്മകളെ ഉയര്‍ത്തുന്ന ആചാരനടപടികളാല്‍ ഈശ്വര സന്നിധാനത്തെ പ്രീതിപ്പെടുത്തുംവിധം മനസ്സിനെയും ശരീരത്തെയും പരിശീലനക്കളരിയാക്കി മാറ്റുകയാണ്. പ്രഭാതം മുതല്‍ പ്രദോഷംവരെ വികാര -വിചാരാധികളില്ലാതെയും ദ്രാവക- ഘനപദാര്‍ഥങ്ങള്‍ മനുഷ്യന്റെ നവദ്വാരങ്ങളിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കാതെയും രാപകലുകള്‍ പള്ളികളില്‍ ഇഅ്തികാഫ്, തറാവീഹ് നമസ്‌കാരം മുഴുനേരപ്രാര്‍ഥനകളില്‍ മുഴുകിയും ഇസ്‌ലാംമത വിശ്വാസികള്‍ റമദാനെ ശ്രേഷ്ഠമാക്കുന്നു.
ഒാരോ സമുദായത്തിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുരീതിയില്‍ വ്രതമനുഷ്ടിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നു വിഭിന്നമായ ത്യാഗ പരീക്ഷണം കൂടിയാണ് ഇസ്‌ലാം മതത്തിലെ വ്രതം. ഭൂലോകത്തിലെ സര്‍വജീവജാലങ്ങളില്‍ പന്നിയൊഴികെ മറ്റുള്ള ചരാചരങ്ങളെല്ലാം ദൈവത്തെ നമിക്കുന്ന വിധത്തിലാണ് അവയവയുടെ കഴിവുകളെ നല്‍കിയത്. മല്‍സ്യ - പക്ഷി - മൃഗാദികളില്‍ അവയുടെ ജീവിതചര്യകളില്‍ ഒരു നിശ്ചിത ഇടവേളയില്‍ ഭക്ഷണമില്ലാതെ കഴിയുമ്പോള്‍ അതിനുസമാനമായി മനുഷ്യന്‍ ഉപവാസമനുഷ്ഠിച്ചാണ് ദൈവപ്രീതി നേടാനായി വ്രതമെടുക്കുന്നത്.
അഗാധമായ അറിവുകളും ഈരേഴുപതിനാലു ലോകത്തെ സര്‍വ്വചരാചരങ്ങളെ നിയന്ത്രിക്കാനുമുള്ള അപാരമായ കഴിവ് അല്ലാഹുവിനുള്ളതിനാലാണ് പരിമിതമായ അറിവുകളും നിര്‍ലോഭമായ കഴിവും ആദികാലംതൊട്ടേ മനുഷ്യന് നല്‍കിയത്. സ്രഷ്ടാവിന്റെ സോപാനങ്ങള്‍ തുറന്നിട്ട സുന്ദരസുദിനരാത്രങ്ങളില്‍ റമദാനിലെ വ്രതാനുഷ്ഠാനങ്ങളെ പരിപൂര്‍ണമായുള്‍ക്കൊള്ളാനുള്ള കഴിവാണ് മനുഷ്യന്റേത്. റമദാനിലെ മുപ്പതുനാളുകളെ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മൂന്നു പത്തുനാളുകളാക്കി തിരിച്ചിരിക്കുന്നു.
മുപ്പതുനാളുകളിലും രാത്രി ഇശാ നമസ്‌കാര ശേഷം തറാവീഹ് നമസ്‌കാരം നിര്‍വഹിക്കുന്നു. ബദര്‍യുദ്ധത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ബദര്‍ദിനമായ റമദാനിലെ പതിനേഴാം രാവും 27ാം രാവും പ്രാര്‍ഥനാനിരതമായ നാളുകളാണ്. മുസ്‌ലിം മാനവലോകത്തിനായി ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥം ഇറക്കിയ ലൈലത്തുല്‍ഖദ്ര്‍ 27ാം രാവിലാണെന്നതിനാല്‍ അന്നത്തെ രാത്രി പുലരുവോളം മുഴുനീള പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായ—ണവുമായി വിശ്വാസികള്‍ പള്ളികളില്‍ കൂടുന്നു. മരണാനന്തരം ദൈവസന്നിധിയിലെത്താന്‍ വിവിധ മതങ്ങളിലെ വേദഗ്രന്ഥങ്ങള്‍ വിവിധ രീതിയില്‍ പ്രതിപാദിക്കുമ്പോള്‍ ഇസ്‌ലാം മതത്തിലെ ജീവിതരീതിയില്‍ മരണാനന്തര ജീവിതം ഏറെ വ്യത്യസ്തവും കഠിനവുമാണ്. ദൈവകരങ്ങളില്‍ മനസ്സ് സ്വയം സമര്‍പ്പിച്ച് അഹന്ത വെടിയാനും പൈശാചിക ചിന്തകളില്‍ നിന്നു മോചനം നേടി രക്ഷപ്രാപിക്കാനാണ് റമദാന്‍ ഉല്‍ബോധിപ്പിക്കുന്നത്.
ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളില്‍ നാലാമത്തെതായ റമദാനിലെ വ്രതാനുഷ്ഠാനം മാത്രമല്ല സക്കാത്ത് നല്‍കലും അശരണര്‍ക്കായുള്ള ധാനധര്‍മങ്ങള്‍ നല്‍കലും മഹത്തരമാണ്. പതിനൊന്നു മാസക്കാലത്തെ തിന്മജീവിതത്തില്‍ നിന്നു ഏതൊരു കാഠിന്യഹൃദയനും റമദാനിലെ വ്രതാനുഷ്ഠാന നാളുകളെ പൂര്‍ത്തീകരിക്കുമ്പോള്‍ ശവാല്‍ മാസത്തിലെ പൊന്നമ്പിളി മാനത്തു തെളിയുന്നതോടെ ആത്മസമര്‍പ്പണത്തിന്റെ റമദാന്‍ മാസത്തിനു പരിസമാപ്തിയാകുന്നു.
Next Story

RELATED STORIES

Share it