malappuram local

റമദാനില്‍ ഹൈന്ദവ വിവാഹത്തിനും വ്രത വിശുദ്ധിയുടെ പരിവേഷം

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: വാസ്തവ വിരുദ്ധ പ്രചാരണങ്ങളിലൂടെ വിശുദ്ധ റമദാനില്‍ മലപ്പുറം ജില്ല ആക്രമിക്കപ്പെടുമ്പോള്‍ ഇവിടെ ജനത പ്രതിരോധം തീര്‍ക്കുന്നത് മാനവ മൈത്രിയുടെ മൂല്യം മുറുകെപിടിച്ചാണ്. വ്രതമനുഷ്ഠിക്കുന്ന സുഹൃത്തുക്കളെ മാനിച്ച് തിരുവാലി പത്തിരിയാല്‍ സ്വദേശി നന്ദനത്തില്‍ ഭാസ്‌കരനും കുടുംബവും മകന്റെ വിവാഹ സല്‍ക്കാരം ഇഫ്താര്‍ വിരുന്നാക്കി മാതൃകയായി. ഭാസ്‌കരന്റേയും വിലാസിനിയുടേയും മകന്‍ ജിനേഷിന്റെ വിവാഹമാണ് മലപ്പുറത്തിന്റെ മഹത്വമുയര്‍ത്തി നടന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മിഥുലയെയാണ് മഞ്ചേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജിനേഷ് ജീവിത പങ്കാളിയാക്കിയത്. കോട്ടയം ചോറ്റിയിലിലെ മഹാദേവ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. പിന്നീട് നാട്ടിലുള്ള വിവാഹ സല്‍ക്കാരം റമദാനില്‍ ഇഫ്താര്‍ വിരുന്നാക്കുകയായിരുന്നു.
വ്രതമനുഷ്ഠിക്കുന്ന മുസ്്‌ലിംവിശ്വാസികളാണ് ഈ കുടുംബത്തിന്റെ ഭൂരിപക്ഷം സുഹൃത്തുക്കളും അയല്‍വാസികളും. നാടും നാട്ടുകാരുമില്ലാതെ വിവാഹ സല്‍ക്കാരം പൂര്‍ണമാവില്ലെന്ന ചിന്തയില്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പവിത്രത സംരക്ഷിച്ചുതന്നെ ആതിഥേയര്‍ വരനും വധുവിനുമൊപ്പം വിരുന്നിന് അരങ്ങൊരുക്കി. മഞ്ചേരി ചെരണിയിലെ ഹൈസ പ്ലാസ ഓഡിറ്റോറിയത്തില്‍ ഇതിനായി പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മഗ്‌രിബിനു ശേഷമായിരുന്നു വിവാഹ സല്‍ക്കാരം. വിശ്വാസികള്‍ക്ക് നോമ്പു തുറക്കാനും നമസ്‌കരിക്കാനുംവേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു വിഭവ സമൃദ്ധമായ വിരുന്ന്. ജാതി-മത വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
ഇഫ്താര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് നവദമ്പതികളെ ആശീര്‍വദിച്ചാണ് ഓരോ അതിഥികളും മടങ്ങിയത്. ജില്ലയ്ക്കു പുറത്തുനിന്നെത്തിയ പലര്‍ക്കും ഇത് വ്യത്യസ്ത അനുഭവമായി. അല്‍ഭുതംകൂറിയവര്‍ക്കെല്ലാം വരനും വധുവും കുടുംബവും പകര്‍ന്നത് ഹൃദ്യമായ നന്മയും സ്‌നേഹവുമായിരുന്നു.
Next Story

RELATED STORIES

Share it