Gulf

റമദാനില്‍ നിരവധി കാരുണ്യ സഹായ പ്രവര്‍ത്തനങ്ങളുമായി എഫ്എംസി ഗ്രൂപ്

ദുബൈ: റമദാനില്‍ നിരവധി കാരുണ്യ സഹായ പ്രവര്‍ത്തനങ്ങളുമായി ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ് .

ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍ പ്രത്യേക പരിചരണം അര്‍ഹിക്കുന്ന ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കടവത്തൂര്‍ മൈത്രി സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തായി പണി കഴിക്കുന്ന ഡെ കെയര്‍ സെന്ററിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനായി 10 ലക്ഷം രൂപയും നല്‍കി. കോഴിക്കോട് ചികിത്സക്ക് വരുന്ന അനേകം കാന്‍സര്‍ രോഗികള്‍ക്ക് അവിടെ താമസിച്ച് ചികിത്സ ലഭിക്കാന്‍ ഈ കെട്ടിടം പ്രവര്‍ത്തിക്കും.

ഇതോടൊപ്പം, കൂട്ടായി ദേശത്തെ നിര്‍ധനരായ, തീരാവ്യാധികള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ചികിത്സക്കും മരുന്നിനും സഹായമായി പ്രതിമാസം 50,000 രൂപ അദ്ദേഹം നല്‍കി വരുന്നുണ്ട്. തന്റെ ജന്മനാടായ തിരൂര്‍ പറവണ്ണയില്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സഹായവും സകാത്തിന്റെ ഭാഗമായി ഡോ. കെ.പി ഹുസൈന്‍ നല്‍കി.
ആയിക്കരപ്പടിയില്‍ കുട്ടികള്‍ക്ക് വേണ്ടി പണി കഴിപ്പിക്കുന്ന മദ്രസക്ക് വേണ്ടി 75,000 രൂപ ധനസഹായവും നല്‍കി.
വളര്‍ന്നു വരുന്ന യുവ തലമുറക്ക് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രചോദനവും പ്രോത്സാഹനവും ആവട്ടെയെന്ന് ഡോ. കെ.പി ഹുസൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇ ഗവണ്‍മെന്റിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതി വളരെയേറെ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം എഫ്.എം.സി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ, എഫ്.എം.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദുബൈതിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ ബൈത്തുറഹ്മ പദ്ധതിയിലേക്ക് മണ്ഡലം പ്രസിഡന്റ് ഒ.പി ഹംസക്കുട്ടി, സെക്രട്ടറി സുബൈര്‍ എന്നിവര്‍ക്ക് ഡോ. കെ.പി ഹുസൈന്‍ ധനസഹായം കൈമാറി.
Next Story

RELATED STORIES

Share it