Kottayam Local

റബര്‍ മേഖലയിലെ പ്രതിസന്ധി : കര്‍ഷകര്‍ കാട്ടുകടുക്ക കൃഷിയിലേക്കു തിരിയുന്നു



ഈരാറ്റുപേട്ട: റബര്‍ വിലയിടിവിനെത്തുടര്‍ന്ന് റബര്‍കര്‍ഷകര്‍ കാട്ടുകടുക്ക കൃഷിയിലേക്ക് തിരിയുന്നു. റബറില്‍നിന്ന് കിട്ടുന്ന ആദായംകൊണ്ട് പണിക്കൂലി കൊടുക്കാന്‍പോലും തികയാത്തതിനെത്തുടര്‍ന്ന് മാസങ്ങളായി ടാപ്പിങ് നടത്താതെ റബര്‍ മേഖലയെ ഉപേക്ഷിച്ച നിലയിലാണ് പല കര്‍ഷകരും. എട്ടുവര്‍ഷംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തി ആദായം ലഭിക്കുന്നതിനാ ല്‍ കര്‍ഷകര്‍ റബര്‍തോട്ടങ്ങളില്‍ കാട്ടുകടുക്ക കൃഷിയിലേക്ക് കടന്നിരിക്കുകയാണ്. കാട്ടുകടുക്കാ തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ എട്ടുവര്‍ഷംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുമ്പോ ള്‍ തടികള്‍ക്ക് 40 മുതല്‍ 50 ഇഞ്ചുവരെ വണ്ണംവയ്ക്കും. മലബാറിലെ ചില തോട്ടങ്ങളില്‍ 10 വര്‍ഷത്തിനടുത്തായി കൃഷി ചെയ്തുവന്നിരുന്ന കാട്ടുകടുക്കാ കൃഷി ലാഭകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടുത്ത കാലത്തായി തിരുവിതാംകൂറിലിലേക്കും കൃഷി വ്യാപിച്ചത്. ഇപ്പോള്‍ മീനച്ചില്‍ താലൂക്കിലെ ചില റബര്‍തോട്ടങ്ങളില്‍ കാട്ടുകടുക്കാകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. റബര്‍ മുറിച്ചുമാറ്റിയശേഷം തോട്ടം റീപ്ലാന്റ് ചെയ്ത് ടാപ്പിങ് തുടങ്ങി രണ്ടാമത്തെ ആദായമെടുക്കണമെങ്കില്‍ എട്ടുവര്‍ഷമെടുക്കും. എന്നാല്‍, ഇക്കാലയളവുകൊണ്ട് 25,000 മുതല്‍ 30,000 രൂപവരെ ലഭിക്കുന്ന കടുക്കാത്തടികള്‍ വളര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. ഇപ്പോള്‍ പ്ലൈവുഡ് ആവശ്യത്തിന് കാട്ടുകടുക്കാത്തടികളാണ് ഉപയോഗിച്ചുവരുന്നത്. മലബാറില്‍നിന്ന് മാത്രം ലഭിച്ചിരുന്ന തൈകള്‍ ഒന്നിന് 30 രൂപ നിരക്കില്‍ ഇപ്പോള്‍ മീനച്ചില്‍ താലൂക്കിലെ നഴ്‌സറികളില്‍നിന്നും ലഭ്യമാണ്. ഏതുകാലാവസ്ഥയും അതിജീവിക്കാന്‍ കഴിയുമെന്നതാണ് കാട്ടുകടുക്കാ തൈകളുടെ പ്രത്യേകത.
Next Story

RELATED STORIES

Share it