റഫേല്‍: കേന്ദ്രം വിവരങ്ങള്‍ പുറത്തുവിടണം

കൊച്ചി: റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കാനുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.  ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ് നല്ലത്. വിമാനങ്ങള്‍ക്കു വില കൂടുതലായതിനാലാണ് റഫേല്‍ ഇടപാടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പൊതുമേഖലാ കമ്പനികളെ റഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കിയതെന്നും ആന്റണി ചോദിച്ചു. റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു ചെലവിട്ട തുകയെത്രയെന്നു പ്രതിരോധമന്ത്രാലയം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് നവംബര്‍ മാസത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും നടക്കാന്‍ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും ആന്റണി പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കണ്ടാല്‍ ഉടന്‍ തിരഞ്ഞെടുപ്പെന്ന പ്രതീതിയാണുണ്ടാവുന്നത്. ആര്‍എസ്എസ്, സംഘപരിവാര ചേരിയില്‍ നരേന്ദ്രമോദിയും മതേതര കക്ഷികള്‍ അണിനിരക്കുന്ന ചേരിയില്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഇതില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന എംപിമാരില്‍ പരമാവധി ആളുകളെ വിജയിപ്പിച്ചെടുക്കുക എന്നതാവണം സംസ്ഥാനത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും ആന്റണി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ 42മത് ജന്‍മദിനാ ഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയവും ജനമനസ്സുകളും അതിവേഗം ധ്രുവീകരണത്തിന് വിധേയമാവുകയാണ്. സംഘപരിവാര നേതൃത്വത്തില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ മതേതരത്വവും മൗലികാവകാശങ്ങളും തകര്‍ക്കപ്പെടും. ഭരണഘടന തന്നെ മാറ്റിയെഴുതാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഭാവിയില്‍ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് നീക്കം. മറുവശത്ത് എന്തു വിട്ടുവീഴ്ച ചെയ്തും മതേതര കക്ഷികളെ യോജിപ്പിച്ച് സംഘപരിവാര ഭീഷണിയെ നേരിടാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it