thrissur local

രോഗികളെ വെറും ഉപഭോക്താക്കളായി കാണരുത് : മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്



തൃശൂര്‍: രോഗികളെ വെറും ഉപഭോക്താക്കളായി കാണുന്നത് ശരിയായ സമീപനമല്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. ചികിത്സ തേടിയെത്തുന്നവരെ വികാരവിചാരങ്ങളുള്ള മനുഷ്യരായി കാണാന്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിയണമെന്നും രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിനുളള സഹിഷ്ണുതയും ക്ഷമയും വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യ സര്‍വകലാശാലയുടെ ആറാമത് ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വിജയാനന്ദ്.  നല്ല ഡോക്ടറാകാന്‍ ആദ്യം വേണ്ടത് നല്ല മനുഷ്യനാകുക എന്നതാണ്. രക്ഷിതാവിന്റെ സ്ഥാനത്തു നിന്നാണ് അദ്ദേഹം രോഗികളെ ഉപദേശിക്കേണ്ടത്. മുന്നില്‍ നില്‍ക്കുന്ന രോഗിയുടെ ദുരിതത്തിന് ആശ്വാസമുണ്ടാകണമെന്ന പ്രാര്‍ഥനയോടെയായിരിക്കണം ചികില്‍സ ആരംഭിക്കേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ പുതുതായി പഠിച്ചിറങ്ങുന്നവര്‍ വിമുഖത പ്രകടിപ്പിക്കുന്നത് തെറ്റായ കാഴ്ചപ്പാടാണ്. പണം കൊണ്ട് അളക്കാന്‍ സാധിക്കാത്തതിലും എത്രയോ വലിയ അനുഭവമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കുകയെന്ന് ഇവര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ കോഴ്‌സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ചടങ്ങില്‍ സ്വര്‍ണമെഡല്‍ വിതരണം ചെയ്തു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നിന്ന് മെഡിസിനില്‍ 1719, ദന്തല്‍ സയന്‍സില്‍ 570, ആയുര്‍വേദത്തില്‍ 312, ഹോമിയോപ്പതിയില്‍ 49, നഴ്‌സിങില്‍ 4591, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ 763, അപ്ലൈഡ് ഹെല്‍ത്ത് സയന്‍സില്‍ 440 പേരടക്കം ആകെ 8444 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. മെഡിസിന്‍, ദന്തല്‍, ആയുര്‍വേദം, ഹോമിയോപ്പതി, നഴ്‌സിങ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, അപ്ലൈഡ് ഹെല്‍ത്ത്  സയന്‍സ് എന്നീ പഠന മേഖലകളില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ 1264 പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. ഡോ. ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് മാളവിക ഷാജിക്ക് സമ്മാനിച്ചു. തൃശൂര്‍ മദര്‍ കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സിലെ ഗ്രീഷ്മ വി കെ (ബി എസ് സി എം എല്‍ ടി),  കോട്ടയം മെഡിക്കല്‍ കോളജിലെ ഡെയ്‌നി വി രാജ് (ബി സി വി ടി), തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ ആല്‍ഫിന എസ് (ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി), അഞ്ജു വി എം (ബി എസ് സി  ഒപ്‌റ്റോമെട്രി), കണ്ണൂര്‍ പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലെ വര്‍ണ്ണ കെ ആര്‍ (ബി ഫാം ആയുഷ്), വര്‍ക്കല ശ്രീശങ്കര ദന്തല്‍ കോളജിലെ കീര്‍ത്തന പി പി (ബി ഡി എസ്), കോതമംഗലം മാര്‍ ബസേലിയോസിലെ ഫെമി പോള്‍ (ബി എസ് സി നഴ്‌സിംഗ്), കൊട്ടാരക്കര വിജയ കോളജിലെ സാനിമോള്‍ വി എസ് (പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ്) എന്നിവര്‍ക്ക് ബിരുദദാന ചടങ്ങില്‍ സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു.  വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍, പ്രൊ  വൈസ് ചാന്‍സലര്‍ ഡോ. എ നളിനാക്ഷന്‍, രജിസ്ട്രാര്‍ ഡോ. എം കെ മംഗളം, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി കെ സുധീര്‍, ഫൈനാന്‍സ് ഓഫിസര്‍ കെ പി രാജേഷ്, സെനറ്റ് മെമ്പര്‍മാര്‍, ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍മാര്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, സര്‍വകലാശാല ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it