malappuram local

രേഖകളില്ലാതെ സൂക്ഷിച്ച മൂന്നു ലോഡ് തേക്കിന്‍തടികള്‍ പിടികൂടി

കരുവാരകുണ്ട്: രേഖകളില്ലാതെ സൂക്ഷിച്ച മുന്ന് ലോഡ് തേക്കിന്‍ തടികള്‍ വനപാലകര്‍ കണ്ടെത്തി. കരുവാരകുണ്ട് പുന്നക്കാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നാണ് കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി റഹീസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു.
രേഖകളില്ലാതെ മരത്തടികള്‍ സൂക്ഷിച്ചതിന് പുന്നക്കാട് സ്വദേശി നടുത്തളയന്‍ അബ്ദുര്‍റഹ്മാന്‍, മാമ്പുഴ സ്വദേശി തയ്യില്‍ കുഞ്ഞാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മലയോര മേഖലയായ കരുവാരകുണ്ടില്‍ നിന്നു അനധികൃതമായി മരം മുറിച്ചു കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുന്നക്കാട്ടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വനപാലകര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മൂന്നുലോഡ് വരുന്ന തേക്കിന്‍ തടികളാണ് കണ്ടെത്തിയത്. കരുവാരക്കുണ്ടിലെ വനപ്രദേശങ്ങള്‍, പുറംമ്പോക്ക് ഭൂമി എന്നിവടങ്ങളില്‍ നിന്നെല്ലാം അനധികൃത മരം കടത്ത് സജീവമാണന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. കണ്ടത്തിയ തേക്കിന്‍ തടികള്‍ കസ്റ്റഡിയിലെടുത്തു. തടികളുടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി റഹീസ് പറഞ്ഞു.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എന്‍ മോഹനന്‍, സെക്്ഷന്‍ ഓഫിസര്‍ സി വിജയന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി പ്രഭീഷ്, വി ബി മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Next Story

RELATED STORIES

Share it