World

രാസ വസ്തു പ്രയോഗം: ഉത്തരവാദിത്തം റഷ്യക്കെന്ന് സംയുക്ത പ്രസ്ഥാവന

മോസ്‌കോ: സലിസ്ബറിയില്‍ രാസവസ്തു പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍-റഷ്യാ ബന്ധം വഷളാവുന്നു. ബ്രിട്ടിഷ് നയതന്ത്ര പ്രതിനിധികളെ ഉടന്‍ പുറത്താക്കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. ബ്രിട്ടനില്‍ മുന്‍ റഷ്യന്‍ സൈനികനെതിരേ രാസവസ്തു പ്രയോഗിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ റഷ്യ സഹകരിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. ഇതിന് തിരിച്ചടിയായാണ് റഷ്യയുടെ നീക്കം.
അതേസമയം, ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാരോപിച്ച് ബ്രിട്ടന്‍, യുഎസ്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, തെരേസ മേയ് എന്നിവരാണ് അപൂര്‍വ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇക്കാര്യത്തില്‍ റഷ്യയുടെ ഒരു വിശദീകരണവും വിശ്വസനീയമല്ല. ബ്രിട്ടന്റെ നിയമപരമായ അപേക്ഷയ്ക്ക് മറുപടി നല്‍കാത്തത് സംഭവത്തിനു പിന്നില്‍ റഷ്യയാണെന്നു വ്യക്തമാക്കുന്നു. ആക്രമണം ബ്രിട്ടന്റെ പരമാധികാരത്തില്‍ കൈകടത്തലാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ നേതാക്കള്‍ ആപലപിച്ചു.
ബ്രിട്ടനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപലും മകളും ബ്രിട്ടനിലെ സലിസ്ബറിയില്‍ ഈ മാസം നാലിനാണ് രാസവസ്തു ആക്രമണത്തിനിരയായത്. ഇതിനു പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം.
ബ്രിട്ടന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് റഷ്യയുടെ വാദം.  സ്‌ക്രിപലിനെതിരേ നടന്ന ആക്രമണത്തിന്റെ ഉത്തരവാദി റഷ്യയാണെന്നു വൈറ്റ് ഹൗസും പ്രതികരിച്ചു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളെയും ലോക രാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ദുര്‍ബലപ്പെടുത്തുന്നതും പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനുള്ള നീക്കവുമാണെന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ സഖ്യകക്ഷികളുമായി സഹകരിക്കുമെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.
റഷ്യക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ന്യൂയോര്‍ക്കിലും ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏതു നഗരങ്ങളിലും റഷ്യ രാസായുധങ്ങള്‍ പ്രയോഗിക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ഇക്കാര്യത്തില്‍ നാം അടിയന്തരമായി നടപടി എടുത്തില്ലെങ്കില്‍ രാസായുധം പ്രയോഗിക്കപ്പെടുന്ന അവസാനത്തെ നഗരമായിരിക്കില്ല സലിസ്ബറി എന്നും അവര്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി. സ്‌ക്രിപലിന്റെയും മകളുടെയും നില ഗുരുതരമായി തുടരുകയാണ്.
Next Story

RELATED STORIES

Share it