രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദലിത് സ്‌നേഹം കാപട്യം: പത്മശ്രീ രവികുമാര്‍ നാര

കൊച്ചി: ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ദലിത് നയത്തിന്റെ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കണമെന്ന് ദലിത് ചേംബര്‍ ഓഫ് കൊമേഴ്‌സ് സൗത്ത് സോണ്‍ പ്രസിഡന്റ് പത്മശ്രീ രവികുമാര്‍ നാര. കൊച്ചി മറൈന്‍ ഡ്രൈവില്‍ 'കായല്‍ സമ്മേളനം 2018'ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി പട്ടികജാതി-വര്‍ഗങ്ങള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കുന്ന നയങ്ങളില്‍ കാര്യമായ മാറ്റമില്ല. വീട്, സൗജന്യ ഭക്ഷ്യപദ്ധതി, തൊഴില്‍സംവരണം എന്നിവയില്‍ കാര്യങ്ങള്‍ ഒതുങ്ങുന്നു. ദലിതരെയും ആദിവാസികളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ അവയുടെ പരാജയം കൂടി ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ചവയാണ്.
സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യ ആഗോളതലത്തില്‍ വികസനകാര്യത്തില്‍ ശൈശവത്തില്‍ നില്‍ക്കുന്നതിനു കാരണം പിന്നാക്കസമുദായങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് വികസനസങ്കല്‍പം രൂപപ്പെടുത്താന്‍ സാധിക്കാത്തതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം എന്തെന്ന് ദലിതുകളടക്കമുള്ളവര്‍  ചോദിക്കാന്‍ തയ്യാറാവണം. ഇങ്ങനെ രാജ്യം മുന്നോട്ടുപോയിക്കൂടാ. അംബേദ്കര്‍ ആവിഷ്‌കരിച്ച സംവരണ സംവിധാനത്തിന്റെ ലക്ഷ്യം പൂര്‍ണമായി കൈവരിക്കാന്‍ സംവരണ സമൂഹങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it