Flash News

രാമക്ഷേത്രം: വീണ്ടുമുയര്‍ത്തി സംഘപരിവാരം

കെ എ സലിം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം ബാക്കിയിരിക്കെ അയോധ്യയിലെ രാമക്ഷേത്ര വിഷയം വീണ്ടുമുയര്‍ത്തി സംഘപരിവാര സംഘടനകള്‍. ഇതുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹിയില്‍ സന്ന്യാസിമാരുടെ യോഗം വിളിക്കും.
യോഗത്തിനുശേഷം തുടര്‍നടപടികള്‍ക്കു രൂപം നല്‍കും. പണിയേണ്ട ക്ഷേത്രത്തിന്റെ രൂപരേഖയും അന്നേദിവസം തയ്യാറാക്കും. നിലവില്‍ ബാബരി ഭൂമിയുടെ ഉടമാവകാശത്തര്‍ക്കം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്ഷേത്രം സംബന്ധിച്ച നീക്കങ്ങള്‍ വീണ്ടും സജീവമായിരിക്കുന്നത്. നിലവിലുള്ള തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് രാമക്ഷേത്രം പണിയാന്‍ വേണ്ട സാഹചര്യമൊരുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദേ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള കാര്യങ്ങള്‍ ഡല്‍ഹി യോഗത്തിനുശേഷം തീരുമാനിക്കുമെന്നും പരാന്ദേ പറഞ്ഞു. എന്നാണ് രാമക്ഷേത്രം പണിയാനുള്ള തടസ്സങ്ങള്‍ നീക്കുകയെന്ന് വിശദീകരിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. അമ്പലം പണിയാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആയിട്ടുണ്ട്.
കല്ല് കൊത്തിയുണ്ടാക്കുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി പണി തുടങ്ങുകയേ വേണ്ടൂ. അതിനുള്ള സാഹചര്യമുണ്ടാവണം. ബാബരി മസ്ജിദ് തകര്‍ത്ത അന്നു മുതല്‍ തന്നെ അമ്പലം പണിയാനുള്ള നടപടികള്‍ ആരംഭിച്ചതായി പരാന്ദേ പറഞ്ഞു. ജനുവരി 31നും ഫെബ്രുവരി 1നും അലഹബാദില്‍ കുംഭമേളയ്ക്കിടെ നടത്താനിരിക്കുന്ന ദ്വിദിന ധരം സന്‍സദ് സംബന്ധിച്ചും ചര്‍ച്ച നടത്തും. ഗോരക്ഷ, സാമൂഹിക സൗഹൃദം തുടങ്ങിയ കാര്യങ്ങളും ധരം സന്‍സദില്‍ ചര്‍ച്ച ചെയ്യും.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍െപ്പടെ ഹിന്ദുസമൂഹം നേരിടുന്ന ഗൗരവമുള്ള വിഷയങ്ങളും ഡല്‍ഹിയിലെ സന്ന്യാസിമാരുടെ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്ന് പരാന്ദേ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം എത്രയും പെട്ടെന്ന് പണിയണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ തീരുമാനം ബഹുമാനിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ഫൈസാബാദിലെ രാംമനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നായിക് പറഞ്ഞു.
ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരവധി തവണ അയോധ്യ സന്ദര്‍ശിച്ചിരുന്നു. ബാബരി ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ 2010ലെ വിധിക്കെതിരായ ഹരജി കഴിഞ്ഞ ജൂലൈയിലാണ് അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുന്നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്.
അതേസമയം, കോടതി വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമായില്ലെങ്കില്‍ രാജ്യത്ത് കലാപമുണ്ടാവുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. സുപ്രിംകോടതി ഭൂമി രാംലാലയ്ക്കായി വിട്ടുതന്നാല്‍ രാജ്യത്ത് കലാപമുണ്ടാവില്ല. ബാബര്‍ വിദേശ അധിനിവേശക്കാരനായിരുന്നുവെന്നും ബാബറിന് ഇന്ത്യന്‍ മുസ്‌ലിംകളുമായി ബന്ധമില്ലെന്നും ഇന്ദ്രേഷ് പറഞ്ഞു. പള്ളി നിന്ന സ്ഥലത്ത് കുഴിച്ചു നടത്തിയ പരിശോധനയില്‍ അമ്പലത്തിന്റെ അവശിഷ്ടം കിട്ടിയിട്ടുണ്ടെന്നും ഇന്ദ്രേഷ് അവകാശപ്പെട്ടു. അമ്പലം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും ഇന്ദ്രേഷ് പറഞ്ഞു. പള്ളി നിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണുള്ളത്.

Next Story

RELATED STORIES

Share it