രാത്രിജീവിതത്തെ എന്താണിത്ര പേടി?

ബാബുരാജ് ബി എസ്

ഏതാനും വര്‍ഷം മുമ്പായിരുന്നു അത്. വിജിയും അംബികയും നേതൃത്വം കൊടുത്ത പെണ്‍കൂട്ട് തെരുവിലെ സ്വാതന്ത്ര്യം എന്ന പ്രശ്‌നമുയര്‍ത്തി കോഴിക്കോട് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. രാപകല്‍ വ്യത്യാസമില്ലാതെ നഗരത്തില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്നതായിരുന്നു അവര്‍ ഉയര്‍ത്തിയ പ്രശ്‌നം. പ്രതികരണമെന്ന നിലയില്‍ ഒരു ലൈവ് നാടകമാണ് അവര്‍ ആസൂത്രണം ചെയ്തത്. പകല്‍ 11 മണിക്ക് പെണ്‍കൂട്ടിന്റെ ഒരു പ്രവര്‍ത്തക ബസ്സ്റ്റാന്റ് പരിസരത്ത് നിലയുറപ്പിച്ചു. അധികം കഴിഞ്ഞില്ല, വഷളന്‍ചിരിയോടെ ചിലര്‍ അവരെ സമീപിച്ചു. കാര്യങ്ങള്‍ കൈവിട്ടെന്നു തോന്നിയപ്പോള്‍ പ്രവര്‍ത്തക ശല്യക്കാരന്റെ കുത്തിനു പിടിച്ചു. അന്നേദിവസം പലയിടങ്ങളിലും ഇതേ നാടകം അരങ്ങേറി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബര്‍സ എന്ന ദലിത് പെണ്‍കുട്ടിക്കു നേര്‍ക്കുണ്ടായ അതിക്രമമാണ് പഴയ സംഭവം ഓര്‍മയിലെത്തിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചിരുന്ന മാധ്യമപ്രവര്‍ത്തകയും ഫോട്ടോഗ്രാഫറുമായ ബര്‍സ രാത്രി വൈകി വടകരയിലെ വീട്ടിലെത്താന്‍ തീവണ്ടിയാപ്പീസിലേക്കു പോവുകയായിരുന്നു. മാതൃഭൂമി ജങ്ഷനില്‍ വച്ച് പോലിസുകാര്‍ അവരെ വളഞ്ഞു, കേട്ടാലറയ്ക്കുന്ന തെറിവിളികളോടെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. പോലിസുകാര്‍ ബര്‍സയുടെ ഫോണില്‍ നിന്നുതന്നെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രതീഷ് രമയെ വിളിച്ചുവരുത്തി. പ്രതീഷിനോട് ചോദ്യങ്ങളൊന്നുമുണ്ടായില്ല, വന്നപാടെ തല്ലിയവശനാക്കി. ബര്‍സയുടെ കാര്യത്തില്‍ പോലിസുകാര്‍ക്ക് വല്ലാത്ത താല്‍പര്യമായിരുന്നു. ബാഗിലുണ്ടായിരുന്ന അവരുടെ ഡയറി തുറക്കുകയും ഉറക്കെ വായിച്ച് പരിഹസിക്കുകയും ചെയ്തു. തെറിവിളിയിലും അശ്ലീലപ്രയോഗത്തിലും ഒട്ടും കുറവുവരുത്തിയില്ല. ബര്‍സയ്ക്ക് ധാര്‍ഷ്ട്യം കൂടുതലാണെന്നായിരുന്നു പോലിസുകാരുടെ പരാതി. വീട്ടുകാര്‍ എത്തിച്ചേര്‍ന്നശേഷമാണു വിട്ടയച്ചത്. ഈ സംഭവത്തിനു ശേഷമാണ് കോഴിക്കോട്ടെ ഡിസിപി മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു 'നാടകം' അരങ്ങേറിയത്. പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ക്കില്ലാത്ത ധൈര്യം മെറിന്‍ ജോസഫും സഹപ്രവര്‍ത്തകരും കാണിച്ചു. പാതിരാത്രിയാണ് അവര്‍ തിരഞ്ഞെടുത്തത്. യൂനിഫോം ഉപേക്ഷിച്ച് ചുവന്ന വസ്ത്രവും വലിയൊരു മൊബൈലുമായി അവര്‍ കോഴിക്കോട്ടെ തെരുവിലൂടെ നടന്നു. പിന്നില്‍ പ്രമുഖമായ ഏതാനും പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരും റിപോര്‍ട്ടര്‍മാരും. ഡിസിപിയാണെങ്കിലും യൂനിഫോം ഇല്ലാത്തതിനാല്‍ സ്വാഭാവികമായും ചില ശല്യക്കാര്‍ അവരെ പിടികൂടി. രൂക്ഷമായ നോട്ടവും ഭാവവും സമം ചേര്‍ത്ത ഭാവാഭിനയംകൊണ്ട് അവരെ തുരത്തിയെന്നാണു വീരചരിതം എഴുതിയ റിപോര്‍ട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ബൈക്കില്‍ വന്ന പുരുഷ പോലിസുകാര്‍ അവരെ ഫഌറ്റിലെത്തിക്കാന്‍ സഹായഹസ്തം നീട്ടിയെന്നും അവരെഴുതുകയുണ്ടായി. യൂനിഫോം ധരിക്കാതിരുന്നതിനാല്‍ പോലിസുകാര്‍ക്ക് തങ്ങളുടെ മേലധികാരിയെ മനസ്സിലായില്ലത്രേ. എന്നിട്ടും മാന്യമായി പെരുമാറിയ പോലിസുകാരെ അവര്‍ അഭിനന്ദിച്ചു. കോഴിക്കോട്ടെ തെരുവുകള്‍ സുരക്ഷിതമാണെന്നു തെളിയിക്കുകയായിരുന്നു ഡിസിപിയുടെ ശ്രമം.അതേദിവസം മെറിന്‍ ജോസഫിന്റെ 'അരങ്ങി'നു സമീപം നടന്ന മറ്റൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. കെഎസ്ആര്‍ടിസിക്കടുത്ത് വണ്ടിയിറങ്ങിയ ഒരു സ്ത്രീയെ പോലിസ് കസ്റ്റഡിയിലെടുത്തു. എന്തുകൊണ്ടോ വേഷം മാറി ജീവിതം പഠിക്കാന്‍പോയ മെറിന്‍ ജോസഫിനോടു പ്രദര്‍ശിപ്പിച്ച സൗമനസ്യമൊന്നും പോലിസുകാര്‍ അവരോടു കാണിച്ചില്ല. കണ്ടപാടെ കസ്റ്റഡിയിലെടുത്തു. വിരട്ടലും ഭീഷണിയും തെറിവിളിയും കഴിഞ്ഞ് നേരം വെളുത്ത ശേഷമാണത്രേ വിട്ടയച്ചത്.നമ്മുടെ തെരുവുകള്‍ സുരക്ഷിതമല്ലെന്നത് പുതുതായി തെളിയിക്കാന്‍ ഒന്നുമില്ലാത്തവണ്ണം സത്യമാണ്. ബര്‍സയുടെയും കോഴിക്കോട്ടെ അജ്ഞാതയായ സ്ത്രീയുടെയും അനുഭവം അതാണു തെളിയിക്കുന്നത്. ആ വ്യവസ്ഥയോടുള്ള പ്രതിഷേധവും പ്രതികരണവുമായിരുന്നു പെണ്‍കൂട്ടിന്റേതെങ്കില്‍ അത് തെറ്റെന്നു തെളിയിക്കാനുള്ള കുല്‍സിത നീക്കമായിരുന്നു മെറിന്‍ ജോസഫിന്റേത്. അവരുടെ 'നാടകശാല'യ്ക്കു സമീപത്തു നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട സ്ത്രീയുടെ അനുഭവം അതാണു തെളിയിക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ രാത്രിജീവിതം കലുഷിതമാക്കുന്നതില്‍ പൂവാലന്മാര്‍ക്കു മാത്രമല്ല, പോലിസുകാര്‍ക്കും പങ്കുണ്ട്. ജാതിയും തൊലിനിറവും വേഷവിധാനങ്ങളും വര്‍ഗവുമെല്ലാം വലിയ പങ്കുവഹിക്കുന്ന മേഖലയാണ് ഇത്. കാഴ്ചയില്‍ ദലിത്-പിന്നാക്ക സൂചനകളുള്ളവര്‍ പോലിസിന്റെ പിടിയില്‍ കൂടുതല്‍ പരിക്കേല്‍പ്പിക്കപ്പെടും. പോലിസുകാര്‍ക്ക് മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്ന പൗരന്മാരും ആക്രമിക്കപ്പെടുന്നു. അത്തരക്കാരെക്കൊണ്ട് നമ്മുടെ ജയിലുകള്‍ നിറഞ്ഞിരിക്കുന്നുവെന്നു പറയാം.                     ി
Next Story

RELATED STORIES

Share it