രാജ്യസഭാ സീറ്റ് ജെഡിയുവിന്; എല്‍ഡിഎഫുമായി സഹകരിപ്പിക്കും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിനു നല്‍കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. വീരേന്ദ്രകുമാറുമായി സഹകരണം തുടരാനും മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിനും യോഗത്തില്‍ ധാരണയായി. ജെഡിയു-ജെഡിഎസ് ലയനം സംബന്ധിച്ച ചര്‍ച്ചകളും മാറ്റിവച്ചു.
ഈ മാസം 23നാണ് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 12ാം തിയ്യതിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. 11നു തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജെഡിയുവിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 20നു വിളിച്ചുചേര്‍ക്കാനും തീരുമാനമായി. യുഡിഎഫ് വിട്ട ജെഡിയു എല്‍ഡിഎഫ് അംഗത്വം ആവശ്യപ്പെട്ട് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍, വര്‍ഷങ്ങളായി സഹകരിക്കുന്ന ഐഎന്‍എല്‍ മുന്നണി പ്രവേശന ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളതുകൊണ്ടും ജെഡിഎസുമായി ലയനസാധ്യത നിലനില്‍ക്കുന്നതിനാലും ജെഡിയുവിനെ ഇപ്പോള്‍ മുന്നണിയുടെ ഭാഗമാക്കേണ്ടെന്നാണ് യോഗത്തിലുണ്ടായ പൊതു അഭിപ്രായം. ജെഡിയുവിനെ മുന്നണിയില്‍ എടുക്കുന്നതില്‍ നിലവില്‍ ഘടകകക്ഷികളില്‍ ആര്‍ക്കും എതിര്‍പ്പില്ല.
അതേസമയം, കേരളത്തിലെ ജനതാ പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്‍ക്കത്തിലാണ് ജനതാദള്‍ സെക്കുലര്‍ പിളര്‍ന്ന് വീരേന്ദ്രകുമാര്‍ വിഭാഗം പുതിയ പാര്‍ട്ടി ഉണ്ടാക്കി യുഡിഎഫില്‍ പ്രവേശിച്ചത്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ എല്‍ഡിഎഫിലേക്ക് തിരിച്ചെത്തുന്നത്.
Next Story

RELATED STORIES

Share it