രാജ്യസഭാ സമ്മേളനം നീട്ടണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ്, ആധാര്‍ ബില്ല് എന്നിവ വിശദമായി ചര്‍ച്ച ചെയ്യാനായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം രണ്ടു ദിവസം കൂടി നീട്ടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഈ മാസം 16ന് അവസാനിക്കും. പിന്നീട് അടുത്ത മാസം 25ന് മാത്രമേ പാര്‍ലമെന്റ് ചേരുകയുള്ളൂ. എന്നാല്‍ ആധാര്‍ ബില്ല് അവതരിപ്പിച്ചിരിക്കുന്നത് ധന ബില്ലായിട്ടാണെന്നിരിക്കെ രാജ്യസഭ ബില്ല് സ്വീകരിച്ച് 14 ദിവസത്തിനകം ഇത് ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ ബില്ല് പാസായതായി കണക്കാക്കപ്പെടും.
തിങ്കളാഴ്ച ബില്ല് ഔദ്യോഗികമായി രാജ്യസഭയിലെത്തിയേക്കും. അതിനാല്‍ തന്നെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്ല് രാജ്യസഭയ്ക്ക് ചര്‍ച്ച ചെയ്യാന്‍ സാധിച്ചേക്കില്ല. എന്ത് തന്നെയായാലും കേന്ദ്രം ധനബില്ലായി അവതരിപ്പിച്ചത് കൊണ്ടു തന്നെ ആധാര്‍ ബില്ലിന്‍മേല്‍ ചര്‍ച്ച നടത്താന്‍ മാത്രമേ രാജ്യസഭയ്ക്ക് കഴിയുകയുള്ളൂ. ലോക്‌സഭ നിലവില്‍ തന്നെ പാസാക്കിയ ബില്ല് തള്ളാനോ ഭേദഗതികള്‍ വരുത്താനോ രാജ്യസഭയ്ക്ക് സാധിക്കില്ല. എന്നാല്‍ ആധാര്‍ ബില്ല് ധനബില്ലായി അവതരിപ്പിച്ചതിനെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്‌തേക്കും. ബിസിനസ് അഡൈ്വസറി കമ്മിറ്റിയിലാണ് സമ്മേളനം രണ്ട് ദിവസം കൂടി നീട്ടണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ വച്ചത്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ലിന് എതിര്‍പ്പ് നേരിടുമെന്ന് മുന്‍കൂട്ടിക്കണ്ടു കൊണ്ടാണ് വിവാദ ബില്ല് കേന്ദ്രം ധനബില്ലായി അവതരിപ്പിച്ചതെന്ന ആരോപണം ശക്തമാണ്.
ആധാര്‍ ബില്ല് ധന ബില്ലായി അവതരിപ്പിക്കാനാവില്ലെന്ന വാദം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളടക്കം വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാനാണ് ഇപ്പോള്‍ രാജ്യസഭ നേരത്തേ തീരുമാനിച്ചതിനെക്കാള്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബജറ്റ് സമ്മേളനത്തിന്റെ ഇപ്പോള്‍ നടക്കുന്ന ആദ്യഘട്ടത്തില്‍ മൂന്ന് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും വിരമിക്കാനിരിക്കുന്ന എംപിമാരുടെ വിടവാങ്ങല്‍ പ്രസംഗങ്ങളും റെയില്‍വേ, കേന്ദ്ര ബജറ്റുകളിന്‍മേലുള്ള ചര്‍ച്ചകളും ഈ ദിവസങ്ങളില്‍ ഭൂരിഭാഗവും കവര്‍ന്നെടുക്കുമെന്നാണ് കരുതുന്നത്. അതിനാലാണ് പ്രതിപക്ഷം അധികം ദിവസം ആവശ്യപ്പെട്ടതും.
Next Story

RELATED STORIES

Share it