Flash News

രാജ്യസഭാംഗത്വം റദ്ദാക്കല്‍ : മുതിര്‍ന്ന ജനതാദള്‍(യു) അംഗങ്ങള്‍ക്കു നോട്ടീസ്



ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന ജനതാദള്‍ (യു) നിതീഷ് കുമാര്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ശരത് യാദവിനും അലി അന്‍വര്‍ അന്‍സാരിക്കും രാജ്യസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചു. ബിഹാറിലെ മഹാസഖ്യം തകര്‍ത്തു ബിജെപിക്കൊപ്പം ചേര്‍ന്നു സര്‍ക്കാരുണ്ടാക്കിയ നിതീഷിന്റെ നിലപാടിനെതിരേ ശക്തമായി നിലകൊണ്ട ശരത് യാദവിന്റെയും അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജെഡിയു രാജ്യസഭാ സെക്രട്ടേറിയറ്റിനു കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ഇരുവരോടും ഈ മാസം 30ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു മുമ്പാകെ ഹാജരാവണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ബിഹാറില്‍ ബിജെപിയുമായി ചേര്‍ന്നു ഭരണം പങ്കിട്ട നിതീഷ് കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ നിന്ന് അകന്നത്. പിന്നാലെ നിതീഷിന്റെ വിലക്ക് ലംഘിച്ചു ബിഹാറില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇരുവരും പങ്കെടുക്കുകയും കഴിഞ്ഞമാസം ഡല്‍ഹിയില്‍ സമാന്തര ദേശീയ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ കൂറുമാറിയ 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതുപോലെ ഇരുവരെയ€ും അയോഗ്യരാക്കണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. അലി അന്‍വറിന്റെ കാലാവധി അടുത്തവര്‍ഷം ഏപ്രിലില്‍ അവസാനിക്കുമെങ്കിലും യാദവിന്റെ കാലാവധി 2022 വരെയുണ്ട്. അതേസമയം, നിതീഷ് കുമാറിനെതിരേ ശക്തമായി നിലയുറപ്പിച്ച പാര്‍ട്ടി എംപിയും കേരളാ ഘടകം അധ്യക്ഷനുമായ എംപി വീരേന്ദ്രകുമാറിനെതിരേ നടപടിയെടുക്കുന്നതിനെക്കുറിച്ചു നിതീഷ് കുമാര്‍ പക്ഷം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it