രാജ്യത്തു മതേതരത്വം അപകടത്തിലെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്

ന്യൂഡല്‍ഹി: പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നു ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ. ഡല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ പള്ളികള്‍ക്കുമായുള്ള ഇടയലേഖനത്തിലാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്ത് മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും അപകടത്തിലാണ്. ഇതു നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും ഭീഷണിയാണ്. 2019ലേക്കു നോക്കുമ്പോള്‍ ഒരു പുതിയ സര്‍ക്കാരാണു വരാന്‍പോവുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കണം. വെള്ളിയാഴ്ചകളില്‍ ഒരുനേരത്തെ ഭക്ഷണം എങ്കിലും ഒഴിവാക്കി പ്രാര്‍ഥിക്കണമെന്നും ഇടയലേഖനത്തില്‍ നിര്‍ദേശിക്കുന്നു. ഇടയലേഖനത്തിനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ നടത്തിയത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഒരുതരത്തിലുള്ള വേര്‍തിരിവും രാജ്യത്ത് അനുവദിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്് ഇതിനോട് പ്രതികരിച്ചത്. മുന്‍വിധിയോടെയുള്ള മാനസികാവസ്ഥയില്‍ നിന്നു പുറത്തു വരണമെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത്.
എന്നാല്‍ മെയ് ആദ്യം പുറത്തിറക്കിയ ഇടയലേഖനത്തില്‍ രാജ്യം ശരിയായ വഴിക്കു നീങ്ങാന്‍ പ്രാര്‍ഥിക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് ഇന്നലെ പറഞ്ഞു. ആധ്യാത്മിക നവീകരണത്തിനും അതുവഴി രാജ്യത്തിന്റെ നവീകരണത്തിനും വേണ്ടിയാണിത്. എല്ലാ സര്‍ക്കാരിനും ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it