Flash News

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് രജതജൂബിലി ഉല്‍ഘാടനം സോണിയ നിര്‍വഹിക്കുന്നതിനെതിരെ കുമ്മനം

തിരുവനന്തപുരം : പാമ്പാടിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷം ഉല്‍ഘാടനം സോണിയഗാന്ധി നിര്‍വഹിക്കുന്നതിനെതിരെ ബിജെപി സംസ്്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ്  എം പി മാത്രമായ  സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഔചിത്യമെന്തെന്നും ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു എന്നു പറയുന്നത് എന്തര്‍ഥത്തിലാണെന്നും കുമ്മനം തന്റെ ഫേസ് ബുക്ക് പേജില്‍ ചോദിച്ചു.അഴിമതിക്കേസില്‍ പ്രതിയായ എംപി  ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കുകയില്ലേയെന്നും കുമ്മനം ചോദിച്ചു.
കുമ്മനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'പാമ്പാടിയില്‍ 1991 ല്‍ ആരംഭിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകള്‍ നേരുന്നു . സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഇനിയും ആര്‍. ഐ ടിക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.

പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യാനും ഇന്‍സ്റ്റിറ്റിയൂട്ട് രാഷ്ട്രത്തിന് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയെയാണ് . ഈ അവസരത്തില്‍ പ്രസക്തമായ ചോദ്യങ്ങള്‍ നിരവധിയാണ്.

സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ലോക്‌സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ ഔചിത്യം ആരും ചര്‍ച്ച ചെയ്യാത്തതെന്ത് ? .

ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണ് ?

അഴിമതിക്കേസില്‍ പ്രതിയായ എം പിയെക്കൊണ്ട് സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കുകയില്ലേ ?

ഇത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് മോശം സന്ദേശമല്ലേ ?

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യസാദ്ധ്യതകള്‍ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതില്‍ ആക്ഷേപമില്ലാത്തത്. എന്തായാലും മുന്‍പ് ഒരു സംഘടനയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ഇല്ലേയെന്ന ചോദ്യത്തോടെ ആര്‍ത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ് .

ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോള്‍ പാലനവും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നെന്ന് ഇതോടെ തെളിയുകയാണ്'
Next Story

RELATED STORIES

Share it