രാജകീയ യാത്രയില്‍ വേണാട് കിതച്ചു

കൊച്ചി: നീലക്കുറുക്കന്‍ രാജാവായ കഥയോട് ഉപമിക്കാം വേണാട് എക്‌സ്പ്രസിന്റെ ഇന്നലത്തെ യാത്രയെ. ആധുനിക സൗകര്യങ്ങളോടു കൂടിയ കോച്ചുകള്‍ ഏര്‍പ്പെടുത്തിയശേഷം രാജകീയ യാത്രയ്‌ക്കൊരുങ്ങിയ വേണാട് പക്ഷേ, വൈകിയോടുന്ന പഴയ ശീലത്തിന് മാറ്റം വരുത്തിയില്ല. ഫലമോ, ഇന്നലെ തിരുവനന്തപുരത്തു നിന്ന് ഷൊര്‍ണൂരിലേക്കു പുറപ്പെട്ട വേണാട് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. രാവിലെ 10ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന വേണാട് എത്തിയത് 12.41ന്. രണ്ടുമണിക്കൂറും 20 മിനിറ്റുമാണ് ട്രെയിന്‍ വൈകി ഓടിയത്. ഉച്ചയ്ക്ക് 12.45ന് ഷൊര്‍ണൂരില്‍ എത്തേണ്ടിയിരുന്നതാണ്. അതുകൊണ്ട് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ച വേണാട് വൈകീട്ട് കൃത്യസമയത്തു തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. കോച്ചുകള്‍ ആധുനികവല്‍ക്കരിച്ചതിനു ശേഷം ബുധനാഴ്ച നടത്തിയ കന്നിയാത്രയിലും വേണാട് സമയക്രമം തെറ്റിച്ചിരുന്നു. ചെങ്ങന്നൂരില്‍ റെയില്‍വേ ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈകിയാണ് യാത്ര തിരുവനന്തപുരത്ത് അവസാനിപ്പിച്ചത്. അതുകൊണ്ടു തന്നെ ഇന്നലെ യാത്ര ആരംഭിച്ചത് താമസിച്ചാണ്. അതാണ് ഷെഡ്യൂളുകള്‍ വീണ്ടും താളംതെറ്റിച്ചത്. എന്നാല്‍, ഇനിമുതല്‍ വേണാട് സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ആധുനിക രീതിയില്‍ നവീകരിച്ച പുതിയ കോച്ചുകളുമായുള്ള വേണാടിന്റെ കന്നിയാത്ര കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധനേടിയിരുന്നു. അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചുകയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് സാങ്കേതികവിദ്യയാണ് വേണാടിന്റെ പുതിയ കോച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത. എസി കോച്ചുകളുടെ ഉള്‍വശം ആകാശനൗകകളെ വെല്ലുന്നതാണ്. പുതിയ കോച്ചുകളും വഹിച്ചു പാഞ്ഞെത്തിയ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസിനു റെയില്‍വേ സ്റ്റേഷനുകളില്‍ ഊഷ്മള സ്വീകരണമാണ് യാത്രക്കാര്‍ നല്‍കിയത്.
Next Story

RELATED STORIES

Share it