thrissur local

രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന കോതച്ചിറ-കോടതിപ്പടി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി



തൃശൂര്‍: പാലക്കാട്-തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പിഎംജിഎസ്‌വൈ പദ്ധതിയിലുള്‍പ്പെടുത്തിയ കോതച്ചിറ-കോടതിപ്പടി റോഡിന്റെ നിര്‍മാണോദ്ഘാടനം പി കെ ബിജു എംപി നിര്‍വഹിച്ചു. കോതച്ചിറ-കോടതിപ്പടി റോഡ് നവീകരിക്കേണ്ടതിന്റെ പ്രധാന്യം കാണിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഗ്രാമവികസന വകുപ്പിന് എംപി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണത്തിനാവശ്യമായ തുക അനുവദിച്ചിട്ടുള്ളത്. പാലക്കാട്-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. റോഡ് നിര്‍മാണത്തിനൊപ്പം അഞ്ച്‌വര്‍ഷം അറ്റകുറ്റപ്പണികള്‍ക്കുള്ള തുകകൂടി പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. കോതച്ചിറ-കോടതിപ്പടി റോഡിന്റെ നിര്‍മാണത്തിനായി 143.34ലക്ഷം രൂപയും, അഞ്ച്‌വര്‍ഷത്തെ അറ്റുകുറ്റപ്പണിക്കായി 12.90ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മെച്ചപ്പെട്ട ഗതാഗതസൗകര്യം ലഭ്യമാകുകയും കാര്‍ഷിക മേഖലയില്‍ വികസനം സാധ്യമാകുകയും ചെയ്യും. നിര്‍മാണോദ്ഘാടന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഏ വി സുമതി  അധ്യക്ഷയായി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടിഐ സതി റിപോര്‍ട്ടവതരിപ്പിച്ചു. കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം രജീഷ, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ സുധീര്‍, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോഹരന്‍, ദേവദാസ്, ഗ്രാമപ്പഞ്ചായത്തംഗം ബിനി സംസാരിച്ചു.
Next Story

RELATED STORIES

Share it