രണ്ട് എഎപി എംഎല്‍എമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ രണ്ട് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അറസ്റ്റില്‍. ഓഖ്‌ലാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അമാനത്തുല്ല ഖാനും ദിയോളില്‍ നിന്നുള്ള എംഎല്‍എ പ്രകാശ് ജാര്‍വാളുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് പ്രകാശ് ജാര്‍വാള്‍ അറസ്റ്റിലായത്. എന്നാല്‍ തന്റെ അനുയായികളുടെ കൂടെ ജാമിഅ നഗര്‍ പോലിസില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അമാനത്തുല്ല ഖാനെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ എംഎല്‍എമാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലിസിന്റെ ആവശ്യം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഷെഫാലി ബര്‍ണാല തണ്ടോന്‍ തള്ളി. പരാതി വ്യാജമാണെന്നും രാഷ്ട്രീയ നാടകമാണെന്നും പ്രതികള്‍ ആരോപിക്കുന്നു. പരാതിക്കടിസ്ഥാനമായ യാതൊന്നും പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ പോലിസ് കസ്റ്റഡി അനാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഇന്നുവരെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ജനങ്ങള്‍ തിരഞ്ഞെടുത്തവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രശ്‌നമായാണ് സംഭവത്തെ കാണേണ്ടതെന്നും അതിനാല്‍ തന്നെ പ്രശ്‌നത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കാണിച്ച് അഭിഭാഷകനായ കെ എസ് വാഹിയാണ് ഹരജി സമര്‍പ്പിച്ചത്. അതിനിടെ ചീഫ് സെക്രട്ടറിയെ ആക്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന്് ഇന്ത്യന്‍ പോലിസ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷനും ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസ് അസോസിയേഷനും ആവശ്യപ്പെട്ടു. എഎപി എംഎല്‍എമാര്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കി.
റിപോര്‍ട്ട് പഠിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി ബിജെപി എംഎല്‍എമാര്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെ സന്ദര്‍ശിച്ചു. എഎപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് എംഎല്‍എമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it