രണ്ടുവര്‍ഷത്തിനിടെ മദ്യ ഉപഭോഗം 22 ശതമാനം കുറഞ്ഞെന്ന് സര്‍വേ

തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മദ്യവില്‍പനയിലും ഉപഭോഗത്തിലും വന്‍ കുറവുണ്ടായെന്ന് സര്‍വേ. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍(അഡിക്-ഇന്ത്യ) നടത്തിയ താരതമ്യ പഠനമാണ് മദ്യ ഉപയോഗത്തിന്റെ തോത് കുറഞ്ഞെന്നു വ്യക്തമാക്കുന്നത്.
മദ്യലഭ്യത നിയന്ത്രിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നശേഷമാണ് ഉപഭോഗം 22.11 ശതമാനം കുറഞ്ഞത്. മദ്യവില്‍പനയില്‍ 30 വര്‍ഷമായി 12 മുതല്‍ 67 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടിരുന്ന സംസ്ഥാനത്ത് ഈ മാറ്റം മാതൃകാപരമാണെന്ന് അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ ഇടയാറന്മുള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2014 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം വിദേശമദ്യ വില്‍പനയില്‍ 25.29 ശതമാനം കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ബിയര്‍, വൈന്‍ വില്‍പനയില്‍ വന്‍വര്‍ധനവും രേഖപ്പെടുത്തി.
ബിയര്‍ വില്‍പനയില്‍ 2.8 ലക്ഷം ലിറ്ററും വൈന്‍ വില്‍പനയില്‍ 1.04 ലക്ഷം ലിറ്ററുമാണു വര്‍ധനവുണ്ടായിരിക്കുന്നത്. മദ്യവില്‍പന കുറഞ്ഞതിനൊപ്പം ഈ കാലയളവില്‍ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ തോതും കുറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയം. കൊലപാതക കേസുകളില്‍ 15ഉം സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ 34 ഉം ഗാര്‍ഹികപീഡന കേസുകള്‍ 24 ഉം ശതമാനം കുറഞ്ഞിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
മദ്യ ഉപഭോഗത്തിന്റെ ഈ കണക്കുകള്‍ ഉള്‍ക്കൊണ്ടാവണം വരാനിരിക്കുന്ന സര്‍ക്കാരും മദ്യനയം രൂപപ്പെടുത്തേണ്ടതെന്ന് ജോണ്‍സണ്‍ ജെ ഇടയാറന്മുള കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it