രണ്ടാമത് ദേശീയ നാടോടി കലാസംഗമത്തിന് തലസ്ഥാനത്ത് അരങ്ങൊരുങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യം വിളിച്ചോതി അഞ്ഞൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ രണ്ടാംപതിപ്പ് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി 15, 16, 17, 18 തിയ്യതികളിലാണ് നാഷനല്‍ ഫോക് ഫെസ്റ്റിവല്‍ ഓഫ് കേരള 2018 നടക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണയും കലാകാരന്മാര്‍ തിരുവനന്തപുരത്ത് അരങ്ങുണര്‍ത്തും. രാജസ്ഥാനില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തനായ സൂഫി നാടന്‍പാട്ടുകാരന്‍ മമേഖാനും സംഘവുമാണ് ഇത്തവണത്തെ നാടോടി കലാസംഗമത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാജസ്ഥാനിലെ സംഗീതകുടുംബത്തില്‍ നിന്നുള്ള 15ാം തലമുറ ഗായകനാണ് മമേഖാന്‍. രാജസ്ഥാനികളുടെ ജീവിതത്തിലെ എല്ലാ ആഘോഷങ്ങളിലും ഒഴിച്ചുനിര്‍ത്താനാവാത്ത മംഗാനിയാര്‍ സംഗീതത്തില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം. സൂഫി സംഗീതത്തെ രാജസ്ഥാനി നാടോടിസംഗീതവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷനാണ് മമേഖാന്‍ തലസ്ഥാനത്തെ കലാസ്വാദകര്‍ക്കായി അവതരിപ്പിക്കുക. അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി ഗോത്രകലാരൂപങ്ങളാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെടുക. കേരളത്തില്‍ നിന്ന് അന്യംനിന്നെന്ന് കരുതപ്പെടുന്ന വെള്ളരി നാടകം ഉള്‍പ്പെടെയുള്ള പഴയകാല നാടോടി കലാരൂപങ്ങളും സംഗമത്തില്‍ പുനരവതരിപ്പിക്കപ്പെടും. ആന്ധ്രപ്രദേശില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപങ്ങളായ തപ്പട്ടഗുലു, ബുറാക്കഥ എന്നിവയും ബംഗാളില്‍ നിന്ന് തനത് ബാവുല്‍ സംഗീതവും സംഗമത്തിനെത്തുന്നുണ്ട്. മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും സംഗമത്തില്‍ അണിനിരക്കും. നാടന്‍കലകളുമായി ബന്ധപ്പെട്ട സെമിനാറും ഇതോടനുബന്ധിച്ചു നടക്കും.
Next Story

RELATED STORIES

Share it