രണ്ടാം ജനകീയാസൂത്രണം ആരംഭിക്കണം: മന്ത്രി ജലീല്‍

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിന് രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കമിടണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായിരുന്നു ജനകീയാസൂത്രണം. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ ദുര്‍ബലപ്പെടുത്തിയെന്നും ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്രവികസനത്തിന് അനിവാര്യമാണെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ദുര്‍ബലപ്പെട്ട ജനകീയാസൂത്രണ പദ്ധതി പുനര്‍ജീവിപ്പിച്ച് രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കമിടലാണു തന്റെ പ്രഥമ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്ഥാപനങ്ങളെ പരാതിയില്ലാത്ത സ്ഥാപനങ്ങളാക്കുന്നതിന് തദ്ദേശ വകുപ്പ് അദാലത്ത് നടത്തും. റമദാന്‍ മാസം കഴിഞ്ഞാല്‍ ഓരോ ജില്ലകളിലും അദാലത്തിന് തുടക്കം കുറിക്കും. അഴിമതി നിര്‍മാര്‍ജനം ചെയ്യുക എന്നതു സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സംഘടനകള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ട്. സര്‍വീസ് സംഘടനകള്‍ അഴിമതിക്കാരെയും സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരേയും സംരക്ഷിക്കരുത്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി തുടങ്ങും. ഇതിനായി രണ്ടേമുക്കാല്‍ ലക്ഷം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.
മലപ്പുറം ജില്ലയെ വിഭജിക്കുക എന്നതിനപ്പുറം ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ വികസനം കൊണ്ടുവരിക എന്നതാണു തന്റെ നിലപാട്. എന്നാല്‍, പുതിയ ജില്ല രൂപീകരണത്തിന് ചര്‍ച്ചകള്‍ നടക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇരകളാവുന്നവര്‍ക്ക് നല്ല നഷ്ടപരിഹാരം നല്‍കണം. ഗെയ്ല്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയിലും ഇതു തന്നെയാണ് തന്റെ നിലപാടെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it