രജിസ്റ്റര്‍ വിവാഹം: ദലിത് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

ആര്‍പ്പൂക്കര (കോട്ടയം): രജിസ്റ്റര്‍ വിവാഹം ചെയ്ത ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടു പോയതായി പരാതി. കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് ചവിട്ടവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിനെ (24) തട്ടികൊണ്ടു പോയെന്നാണു പരാതി. സംഭവത്തില്‍ പോലിസ് നടപടി വൈകിയെന്നും ആരോപണം ഉയര്‍ന്നു.
കഴിഞ്ഞ 24നു രാത്രി കൊല്ലം തെന്മല സ്വദേശിനിയായ നീനു (21)വിനെ വീട്ടില്‍ നിന്നു കാണാതായി. താന്‍ കെവിനൊപ്പം പോവുന്ന വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചിരുന്നു. ഇതിനിടെ ദലിത് ക്രൈസ്ത വിഭാഗത്തില്‍പ്പെട്ട കെവിനും ക്രൈസ്ത വിഭാഗത്തില്‍പ്പെട്ട നീനുവും 500 രൂപയുടെ മുദ്രപത്രം നോട്ടറി മുഖേന തയ്യാറാക്കി ഒരു അഭിഭാഷകന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി താല്‍ക്കാലികമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം യുവാവിനെയും യുവതിയെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌റ്റേഷനിലെത്തിയ ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ കാണിച്ചെങ്കിലും യുവതിയോട് പിതാവിന്റെ കൂടെ പോവാന്‍ പോലിസ് ആവശ്യപ്പെട്ടതായി കെവിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന്റെ കൂടെ പോവാന്‍ വിസമ്മതിച്ച യുവതിയെ പോലിസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതായും പറയുന്നു. തു ടര്‍ന്നു യുവതി യുവാവിന്റെ ബന്ധുക്ക ളോ ടൊപ്പം പോവുകയായരുന്നു. യുവതിയെ അമലഗിരിയിലുള്ള ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ച ശേഷം യുവാവും ബന്ധുക്കളും മടങ്ങി. തുടര്‍ന്ന് കെവിന്‍ ശനിയാഴ്ച തന്റെ പിതാവിന്റെ സഹോദരിയുടെ മകനായ മാന്നാനം സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്റെ വീട്ടിലേക്കു പോവുകയായിരുന്നു. രാത്രി ഒന്നരയോടെ അനീഷിന്റെ വീട്ടില്‍ ആയുധങ്ങളുമായി അഞ്ചംഗസംഘം കയറി ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ അടിച്ചു തക ര്‍ത്തു. അനീഷിനെയും കെവിനെയും ക്രൂരമായി മര്‍ദിച്ചു. ഇവരെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി. കാറില്‍ വച്ചും മര്‍ദനം തുടര്‍ന്നു. രാവിലെ 11ഓടെ പുനലൂര്‍ ഭാഗത്ത് വച്ച് അനീഷിനെ ഇറക്കിവിട്ട ശേഷം കെവിനുമായി സംഘം മടങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് നീനു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞെങ്കിലും കെവിനെ കണ്ടെത്താനോ, തട്ടികൊണ്ടു പോയവരെ പിടികൂടാനോ പോലിസിന് കഴിഞ്ഞില്ല. ഇതോടെ യുവതി പ്രതിഷേധത്തിലായി. തന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണു കെവിനെ തട്ടികൊണ്ടു പോയതെന്നാണു യുവതി പറയുന്നത്.
ഇന്നലെ കോട്ടയത്ത് പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി എത്തിയിരുന്നു. പോലിസ് മുഖ്യമന്ത്രിയുടെ സംരക്ഷണ ഡ്യൂട്ടിയിലായിരുന്നു. ഇതേ തുടര്‍ന്നാണു നടപടി വൈകിയതെന്ന് പറയുന്നു. പോലിസ് സ്റ്റേഷനില്‍ പ്രതിഷേധിച്ച യുവതിയെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അതേസമയം, തെന്മല പോലിസ് കെവിനെ തട്ടികൊണ്ടുപോയ വാഹനം പിടികൂടിയിട്ടുണ്ടെന്നു ഗാന്ധിനഗര്‍ പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it