രക്ഷാപ്രവര്‍ത്തനത്തിന് നിശ്ചിത നടപടിക്രമം പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ പോലിസിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിശ്ചിത നടപടിക്രമം പാലിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
ഈ മാസം നാലിന് കൊട്ടാരക്കര കുളക്കടയില്‍ രക്ഷാപ്രവര്‍ത്തനം  നടത്തുന്ന വേളയില്‍ വാഹനാപകടം ഉണ്ടായി സിവില്‍ പോലിസ് ഓഫിസര്‍ വിപിന്‍ കുമാര്‍ മരണപ്പെടുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് വാഹനാപകടങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്ന പോലിസ് സംഘത്തിലെ ഒരാളെ വ്യക്തമായി കാണുന്ന സൂചനാ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി നിയോഗിക്കണം. അപകടസ്ഥലത്തുനിന്നും സുരക്ഷിതമായ ദൂരപരിധി കഴിഞ്ഞാവണം ഇത്തരം സൂചനാ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത്.രാത്രികാലങ്ങളില്‍ ഹൈവേ പെട്രോള്‍ ടീമംഗങ്ങള്‍ പ്രതിഫലന സ്വഭാവമുള്ള ജാക്കറ്റ് ധരിക്കണം. രാത്രിസമയത്ത് റോഡുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ഡ്രൈവറോ മറ്റൊരു ഉദ്യോഗസ്ഥനോ പ്രകാശം പ്രതിഫലിപ്പിക്കുന്ന ബാറ്റണ്‍ ഉപയോഗിച്ച് വാഹനങ്ങളെ നിയന്ത്രിക്കണം. അപകടസ്ഥലത്തെ റോഡിന്റെ സ്ഥിതി മനസ്സിലാക്കി, രക്ഷാപ്രവര്‍ത്തനം നടത്തുന്ന പോലിസ് പാര്‍ട്ടിക്ക് വീണ്ടും അപകടം ഉണ്ടാവാത്തതരത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം.
വീണ്ടും ഒരപകടം ഒഴിവാക്കുന്നതിനുവേണ്ടി അപകടത്തില്‍പ്പെട്ടവരെയും വാഹനത്തെയും വേഗത്തില്‍ റോഡില്‍നിന്നു മാറ്റുന്നതിന് മുന്‍ഗണന നല്‍കണം. അടിയന്തര സിഗ്നലുകള്‍ നല്‍കുന്നതിനും വെളിച്ചമുറപ്പാക്കുന്നതിനും ഹൈവേ പട്രോള്‍ വാഹനം ആവശ്യമാണെങ്കില്‍ ഉപയോഗിക്കാം. ട്രാഫിക് നോര്‍ത്ത്/സൗത്ത് എസ്പിമാരും ജില്ലാ പോലിസ് മേധാവിമാരും ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചു.
സംസ്ഥാനത്ത്  203 പോലിസ് സ്റ്റേഷനുകളില്‍ നടപ്പാക്കിയ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സംവിധാനം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനും ബെഹ്‌റ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഇനിമുതല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവരവര്‍ക്ക് ചുമതല നല്‍കിയിട്ടുള്ള സ്റ്റേഷനുകളുടെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കായിരിക്കും. ഇത്തരം എല്ലാ പോലിസ് സ്റ്റേഷനുകളിലും ക്രമസമാധാന പാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതലക്കാരായി രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരിക്കും. ഓരോ സ്റ്റേഷന്റെയും സാഹചര്യത്തിനനുസരിച്ച് കുറ്റാന്വേഷണ വിഭാഗത്തിന് വേണ്ട അംഗസംഖ്യ ജില്ലാ പോലിസ് മേധാവി വിഭജിച്ചു നല്‍കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ട ചുമതല ജില്ലാ പോലിസ് മേധാവിമാര്‍ക്കാണ്.
സംസ്ഥാനത്ത് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെയുണ്ടാവുന്ന അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചു. ഈയിടെ നാദാപുരം, കൊടുങ്ങല്ലൂര്‍, നെടുങ്കണ്ടം, കൊട്ടാരക്കര, ചേര്‍ത്തല തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരേ അതിക്രമങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണു സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it