യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോവില്ല: സീറോ മലബാര്‍ സഭ

കൊച്ചി: യോഗയുടെ ദൈവശാസ്ത്രം കത്തോലിക്കാ വിശ്വാസസംഹിതകളുമായി ഒത്തുപോകുന്നതല്ലെന്ന് സീറോ മലബാര്‍ സഭ. ഹിന്ദുത്വ അജണ്ട ലക്ഷ്യമാക്കി അന്തര്‍ദേശീയതലത്തില്‍ യോഗ പ്രചരിപ്പിക്കാന്‍ സംഘപരിവാരം മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ യോഗാ അനുഷ്ഠാനങ്ങളെ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സീറോ മലബാര്‍ ക്രൈസ്തവസഭ ഡോക്‌ട്രൈനല്‍ കമ്മീഷന്‍ പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്‌കൂള്‍തലം മുതല്‍ യോഗയെ പാഠ്യപദ്ധതിയിലെ നിര്‍ബന്ധിത വിഷയമാക്കാനുള്ള  ശ്രമവും യോഗയെ ഭാരത സംസ്‌കാരത്തിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളും പുനര്‍വായനയ്ക്ക് ആക്കംകൂട്ടുകയാണ്. സമീപകാലത്ത് ചില പൊന്തിഫിക്കല്‍ കൗണ്‍സിലുകളും കോണ്‍ഗ്രിഗേഷനുകളും പ്രസിദ്ധീകരിച്ച രേഖകളും യുവജനങ്ങള്‍ക്കായുള്ള സഭയുടെ മതബോധന ഗ്രന്ഥമായ യു-കാറ്റും യോഗയെക്കുറിച്ച് വ്യക്തമായ ആശങ്കകള്‍ പങ്കുവയ്ക്കുന്നു. യു-കാറ്റില്‍ യോഗയെ നിഗൂഢ വിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധ്യാത്മിക ഉത്തരങ്ങള്‍ ആരും യോഗാ ക്ലാസില്‍ അന്വേഷിക്കേണ്ടതില്ലെന്ന് മാര്‍പാപ്പ തന്നെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതരമതങ്ങളുടെ ആത്മീയാഭ്യാസങ്ങള്‍ അനുകരിക്കുമ്പോള്‍ ആത്മീയ അപകടസാധ്യത കൂടുതലാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.  ബഹുമത സംസ്‌കാരത്തില്‍ യോഗാനുഷ്ഠാനങ്ങള്‍ മതസൗഹാര്‍ദം വളര്‍ത്താന്‍ സഹായകമാണെന്ന വാദം അടിസ്ഥാനരഹിതമാണ്.
യോഗയെ ഹിന്ദുമതത്തില്‍ നിന്നു വേര്‍പെടുത്തി വ്യാഖ്യാനിക്കാനുള്ള ക്രിസ്ത്യന്‍ സംരംഭങ്ങളോട് ഹൈന്ദവ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it