യെദ്യൂരപ്പ പദവി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്

ബംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെയും ബിജെപിയെയും വെട്ടിലാക്കി വീണ്ടും ശബ്ദരേഖ. കോണ്‍ഗ്രസ് എംഎല്‍എ ബി സി പാട്ടീലിനു മന്ത്രിപദവി വാഗ്ദാനം ചെയ്തു ചാക്കിട്ടുപിടിക്കാന്‍ ബി എസ് യെദ്യൂരപ്പ നേരിട്ടു ശ്രമിച്ചെന്നാണു കോണ്‍ഗ്രസ്സിന്റെ ആരോപണം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേരിടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ശബ്ദരേഖ പുറത്തായത്.

പാട്ടീല്‍: ഹലോ... ഹലോ... ഹലോ ഫോണ്‍ കൊടുക്കൂ (വിളിച്ച ആളോട് ഫോണ്‍ മറ്റെ ആള്‍ക്കു കൈമാറാന്‍ ആവശ്യപ്പെടുന്നു)
യെദ്യൂരപ്പ: ഹലോ
പാട്ടീല്‍: അണ്ണാ നമസ്‌കാരം. അഭിനന്ദങ്ങള്‍
യെദ്യൂരപ്പ: നിങ്ങള്‍ എവിടെയാണ്.
പാട്ടീല്‍: ബസ്സില്‍ കൊച്ചിയിലേക്കു പോവുന്നു
യെദ്യൂരപ്പ: കൊച്ചിയിലേക്കു പോവരുത്, തിരിച്ചു വരൂ. നിങ്ങളെ ഞങ്ങള്‍ മന്ത്രിയാക്കാം. നിനക്ക് വേണ്ടതെന്താണോ അതു ഞങ്ങള്‍ സഹായിക്കാം.
പാട്ടീല്‍: അണ്ണാ ശരി, നിങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അടുത്തത് എന്തു എന്ന് വ്യക്തമാക്കു...
യെദ്യൂരപ്പ: ശരിയായ സമയത്ത് മാത്രമേ എനിക്ക് പറയാനൊക്കൂ. കൊച്ചിയിലേക്കു പോവരുത്..തിരികെ വരൂ.
പാട്ടീല്‍: പക്ഷേ ഞങ്ങള്‍ ബസ്സിലാണ്.
യെദ്യൂരപ്പ: പോവരുത്. എന്തെങ്കിലും ഒഴിവുകഴിവുണ്ടാക്കി തിരിച്ചു വരൂ.
പാട്ടീല്‍: അങ്ങനെയാണെങ്കില്‍ എന്തായിരിക്കും എനിക്കു ലഭിക്കുന്ന പദവി
യെദ്യൂരപ്പ: നിങ്ങളൊരു മന്ത്രിയാവും
പാട്ടീല്‍: അണ്ണാ... എന്നോടൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്.
യെദ്യൂരപ്പ: നിന്നോടൊപ്പം അവരെയും കൊണ്ടുവരൂ, നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമില്ലേ?
പാട്ടീല്‍: അതേ, അതേ
യെദ്യൂരപ്പ: എന്നാല്‍ തിരിച്ചു വരൂ, ബസ്സില്‍ പോവരുത്.
പാട്ടീല്‍: ശരി അണ്ണാ... ശരി
യെദ്യൂരപ്പ: കൊച്ചിയില്‍ പോവുകയാണെങ്കില്‍ കാര്യം അവസാനിപ്പിക്കും. കാരണം നിങ്ങളെ ഞങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവില്ല.
പാട്ടീല്‍: ശരി, ശരി അണ്ണ
യെദ്യൂരപ്പ: പറ എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോവുന്നത്.
പാട്ടീല്‍: അഞ്ചുമിനിറ്റിനകം ഞാന്‍ തിരിച്ചുവിളിക്കാം.

അതേസമയം, കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ ആരോപണം നിഷേധിച്ചു. കോണ്‍ഗ്രസ് മിമിക്രി ഓഡിയോ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബെല്ലാരി ഖനിവ്യവസായി ജനാര്‍ദന റെഡ്ഡി, കോണ്‍ഗ്രസ് എംഎല്‍എ ബസന ഗൗഡയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനിടെ, യെദ്യൂരപ്പയുടെ മകന്‍ ബി എസ് വിജയേന്ദ്രയും കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നു. മകന്റെ പേരിലുള്ള കേസ് ഒഴിവാക്കാം, ഭര്‍ത്താവിനു മന്ത്രിസ്ഥാനം നല്‍കാം തുടങ്ങിയവയാണ് ഇതിലെ വാഗ്ദാനം.
Next Story

RELATED STORIES

Share it