യെദ്യൂരപ്പയെ രാജിയിലേക്ക് നയിച്ച കോടതി നടപടികള്‍

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഏതെങ്കിലും മാര്‍ഗത്തിലൂടെ കര്‍ണാടകയില്‍ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മോഹങ്ങള്‍ക്കു തിരിച്ചടിയായത് വെള്ളിയാഴ്ച രാത്രി സുപ്രിംകോടതിയില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന അഭിഭാഷകര്‍ നടത്തിയ തിരക്കിട്ട നീക്കങ്ങള്‍. ആര്‍എസ്എസുകാരനായ ഗവര്‍ണറെ വച്ച് മോദി-ഷാ നടത്തിയ അവസാന തുരുപ്പുചീട്ടായിരുന്നു കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ച ഗവര്‍ണറുടെ നടപടി. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെയാണ് കോണ്‍ഗ്രസ് അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനെത്തിയത്. സുപ്രിംകോടതി രജിസ്ട്രാര്‍ അനുവാദം നല്‍കിയിട്ടും അഭിഭാഷക സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥരും പോലിസും കോടതിക്കുള്ളിലെ സുരക്ഷാ കവാടത്തില്‍ തടഞ്ഞു. തുടര്‍ന്ന് 10 മിനിറ്റ് നേരം വാക്തര്‍ക്കം. നിങ്ങള്‍ ബിജെപിക്കു വേണ്ടി പണിയെടുക്കുകയാണോ എന്നായി അഭിഭാഷകര്‍. ഒടുവില്‍ പോലിസ് രണ്ടുപേരെ കടത്തിവിടുകയായിരുന്നു.
ഹരജി ഇന്നലെ പത്തരയ്ക്കാണു സുപ്രിംകോടതിയിലെ ആറാം നമ്പര്‍ കോടതി പരിഗണിച്ചത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.  വിശ്വാസവോട്ടെടുപ്പ് അട്ടിമറിക്കാനാണ് ബൊപ്പയ്യയുടെ നിയമനമെന്നു ഹരജിയില്‍ ആരോപിച്ചിരുന്നു. —വിശ്വാസവോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടന്നത്. 2011ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ 11 വിമത ബിജെപി എംഎല്‍എമാരെയും അഞ്ചു സ്വതന്ത്രരെയും അയോഗ്യരാക്കിയ ബൊപ്പയ്യയുടെ നടപടി സുപ്രിംകോടതി തന്നെ റദ്ദാക്കിയിരുന്നു. കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ബൊപ്പയ്യയെ തന്നെ ഇപ്പോള്‍ പ്രോടെം സ്പീക്കറാക്കിയത് എന്തിനെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബൊപ്പയ്യയെ നിയമിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. ബൊപ്പയ്യയെ ഉടന്‍ പ്രോടെം സ്പീക്കര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നും സഭയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എയായ ആര്‍ ദേശ്പാണ്ഡെയെ പകരം നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാന്‍ ബിജെപിക്ക് 15 ദിവസം അനുവദിച്ച ഗവര്‍ണറുടെ അസാധാരണമായ നടപടി റദ്ദാക്കി ശനിയാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ട ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ഹരജി പരിഗണിച്ചത്.
ഇരുപക്ഷത്തിനുമുള്ള ഇരിപ്പിടം തരംതിരിക്കണമെന്നും വിശ്വാസവോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബൊപ്പയ്യയെ മാറ്റണമെന്ന ആവശ്യം തള്ളിയ കോടതി കോണ്‍ഗ്രസ്സിന്റെ മറ്റു രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതോടെ യെദ്യൂരപ്പയുടെ രാജി പ്രവചിക്കപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശമാണ് മോദി-ഷായുടെ മോഹങ്ങള്‍ക്കു തിരിച്ചടിയായത്. ബൊപ്പയ്യയെ മാറ്റണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്ന കോടതിയുടെ പരാമര്‍ശത്തോടെ ആ ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറുകയായിരുന്നു.
വിഷയത്തില്‍ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ പ്രതികരണം തേടുന്നതിന് സമയം എടുക്കുമെന്നതിനാല്‍ വിശ്വാസവോട്ടെടുപ്പ് നീളുന്നതിലെ അപകടം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ബൊപ്പയ്യയെ വിട്ടുകളിച്ചതോടെയാണ് 55 മണിക്കൂര്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് കസേര നഷ്ടമായത്.
Next Story

RELATED STORIES

Share it