Sports

യൂറോ കപ്പ്: ഫ്രാന്‍സിന് ടൈ കെട്ടി സ്വിസ്

യൂറോ കപ്പ്: ഫ്രാന്‍സിന് ടൈ  കെട്ടി സ്വിസ്
X
France-substitute-Dimitri-P

പാരിസ്: ആതിഥേയരായ ഫ്രാന്‍സിന് പിന്നാലെ ഗ്രൂപ്പ് എയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡും യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ചരിത്രത്തിലാദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ടം കടക്കുന്നത്.
ഗ്രൂപ്പിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ട് തവണ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുക്കെട്ടി. ആദ്യ രണ്ട് മല്‍സരങ്ങളിലും ജയിച്ച ഫ്രാന്‍സ് നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.
മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റ് നേടിയ ഫ്രാന്‍സാണ് ഗ്രൂപ്പ് എയിലെ ജേതാക്കള്‍. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
കളിയുടെ ആദ്യ 30 മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു മേല്‍ ഫ്രഞ്ച് പട വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന്റെ ആക്രമണ ചുമതലയേറ്റെടുത്തത്. നിരവധി ഗോളവസരങ്ങളാണ് പോഗ്ബയെ തേടിയെത്തിയത്. പോഗ്ബയുടെ ഗോളെന്നുറച്ച ചില ഷോട്ടുകള്‍ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ നിഷ്ഫലമാവുകയായിരുന്നു.
12, 13 മിനിറ്റുകളില്‍ പോഗ്ബ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ടുകള്‍ സ്വിസ് ഗോള്‍കീപ്പറിന് മുന്നില്‍ നിഷ്പ്രഭമായി. 17ാം മിനിറ്റില്‍ 25 വാര അകലെനിന്ന് പോഗ്ബ തൊടുത്ത ഷോട്ട് സ്വിസ് ക്രോസ് ബാറില്‍ തട്ടി തെറിക്കുകയും ചെയ്തു. 25ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ലോറെന്റ് കൊസിയന്‍ലിയുടെ അപകടകരമായ ക്രോസ് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു.
29ാം മിനിറ്റിലാണ് ഗോളിനായി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മികച്ച നീക്കം കണ്ടത്. ബോക്‌സിനരികില്‍വച്ച് പാസ് സ്വീകരിച്ച ബ്രീല്‍ എംബോലോ പോസ്റ്റിലേക്ക് ഷോട്ടുതീര്‍ത്തെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി ശ്രമം പാളുകയായിരുന്നു. ഒന്നാംപകുതിയിലെ അവസാന മിനിറ്റുകളില്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്ന സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാംപകുതിയില്‍ ഫ്രാന്‍സിനു മേല്‍ മുന്‍തൂക്കം നേടുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
പന്ത് കൈവശംവച്ച് കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡിന് പക്ഷേ, ഫ്രഞ്ച് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്താന്‍ മാത്രം കഴിഞ്ഞില്ല. 63ാം മിനിറ്റില്‍ ദിമിത്ര പയറ്റ് കളത്തിലിറങ്ങിയതോടെ ഫ്രാന്‍സിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടി. 75ാം മിനിറ്റില്‍ മികച്ചൊരു ഗോളവസരം പയറ്റ് പാഴാക്കി. പയറ്റിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു.
കളിയില്‍ 58 ശതമാനം ബോള്‍ പൊസഷന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായിരുന്നു. എന്നാല്‍, ആക്രമിച്ചു കളിച്ച ഫ്രാന്‍സ് നാല് തവണ പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചപ്പോള്‍ ഒരൊറ്റ തവണ പോലും സ്വിസ് പടയ്ക്ക് ലക്ഷ്യത്തിനു വേണ്ടി ഷോട്ടുതീര്‍ക്കാനായില്ല.
Next Story

RELATED STORIES

Share it